ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു.

കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

നേരത്തെ, തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചതെന്നും അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് മുകേഷ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് മുകേഷ് സിങ്ങിനു വേണ്ടി ഇപ്പോള്‍ ഈ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കോടതി ഇന്ന് ഹോളി അവധിക്കായി അടയ്ക്കുകയാണ്. ഇനി കോടതി തുറക്കുമ്പോഴായിരിക്കും ഹര്‍ജി പരിഗണിക്കുക. 

content highlights: nirbhaya case convict wants to file new curative and mercy petition