Photo: AFP
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെയാണ് പവന്റെ നീക്കം.
കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പ്രതികളില്‍ പവന്‍ ഗുപ്ത മാത്രമാണ് തിരുത്തല്‍ ഹര്‍ജി നല്‍കാനും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും ബാക്കിയുള്ളത്. മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരുടെ ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മുകേഷും വിനയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ അക്ഷയ് സുപ്രീം കോടതിയെ ഇതുവരെ സമീപിച്ചിട്ടില്ല.
2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് ശിക്ഷാവേളയില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യുകയും മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇയാള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തെത്തി.
content highlights: nirbhaya case convict pawan kumar gupta files curative petition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..