ന്യൂഡല്‍ഹി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയ്യാറായത്. 

നാലു മാസം മുന്‍പായിരുന്നു എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്ക്കും തുടര്‍ന്ന് സ്വിസ്സ് ബാങ്കിലേയ്ക്കും മാറ്റുകയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

പഞ്ചാബ് നാഷണല്‍ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായിരുന്നു. വാന്‍ഡ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.

Content Highlights: Nirav Modi, Switzerland Freezes Accounts