ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ നടത്തുന്ന പ്രതികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. വധശിക്ഷയായതിനാല്‍ ശിക്ഷ നടപ്പാക്കി കഴിഞ്ഞ് അത് തിരുത്താന്‍ സാധിക്കില്ല എന്നതിനാല്‍ പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ സുപ്രീം കോടതി അത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. 

വധശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ അവസാന ശ്രമമെന്ന നിലയില്‍ വിവിധ കോടതികളില്‍ നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കോടതികള്‍ ഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ വധശിക്ഷ നടപ്പിലാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ മൂന്ന് പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 10 മണിയോടെ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം വാദം കേട്ടതിന് ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. 

തങ്ങളുടെ പേരില്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ കോടതിയെ സമീപിച്ചത്. ഇത്തരത്തില്‍ കേസുകള്‍ തീര്‍പ്പാകാതെ കിടക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചത്. 

മാത്രമല്ല പ്രതികളുടെ ഭാര്യമാരില്‍ ഒരാളായ അക്ഷയ് ഠാക്കൂറിന്റെ ഭാര്യ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈയൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ വധശിക്ഷ നീട്ടിവെക്കണമെന്നായിരുന്നു അഭിഭാഷകനായ എ.പി സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദങ്ങളെല്ലാം നിരസിച്ചാണ് പ്രതികളുടെ ഹര്‍ജി കോടതി തള്ളിയത്. മരണവാറണ്ട് സ്‌റ്റേ ചെയ്യേണ്ടതില്ലെന്ന വിചാരക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 

വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു. അല്‍പസമയത്തിനകം ഹര്‍ജി നല്‍കും. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ച് അതില്‍ തീര്‍പ്പ് വരുത്തിയാല്‍ നിശ്ചയിച്ചുറപ്പിച്ച സമയത്ത് വധശിക്ഷ നടപ്പിലാക്കാം. 

നേരത്തെ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അര്‍ധരാത്രിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. ഇതിന് സമാനമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും വിധി തിരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മറ്റൊരു അഭിഭാഷന്‍ കോടതിയില്‍ വാദിക്കുന്നുണ്ട്. എന്നാല്‍ പുലര്‍ച്ചെ 5.30 വരെ വാദിച്ചാലും വിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജഡ്ജിമാര്‍ നിലപാടെടുത്തു. 

Content Highlights: Nirabhaya case; Delhi High Court rejects culprits plea