മംഗളൂരു: ഗോവയിലെ  ഫാക്ടറിയില്‍ ജോലിചെയ്യുന്ന കാര്‍വാര്‍ സ്വദേശിയായ യുവാവിന് നിപയെന്നു സംശയം. മാധ്യമങ്ങളില്‍ നിപയെ കുറിച്ച് വന്ന വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാവ് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ഇയാള്‍ക്ക് നിപയുടെ യാതൊരു ലക്ഷണവുമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുവാവ് മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഭയത്തിലാകുകയും നിപ പരിശോധന നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ സ്രവ സാമ്പിള്‍ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ഡോ. കിഷോര്‍ പറഞ്ഞു.

യുവാവ് പൂര്‍ണ ആരോഗ്യവാനാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡിഎച്ച്ഒ അറിയിച്ചു.