റായ്പുര്‍: ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. ബൊലേറോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൊലേറോ യാത്രക്കാരില്‍ ഒമ്പതുപേര്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. ദോനാഗഢില്‍ ക്ഷേത്രസന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു ബൊലേറോയിലെ യാത്രക്കാര്‍. ദുര്‍ഗ് ജില്ലയിലെ ഭിലായ് സ്വദേശികളാണ് ഇവര്‍. 

ബൊലേറോ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

പരിക്കേറ്റ ഒരു കുഞ്ഞുള്‍പ്പെടെ നാലുപേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

content highlights: nine members of family dead after car rams truck in Chhattisgarh