അയോധ്യ: അയോധ്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയൂ നദീതീരത്ത്‌ തെളിച്ചത്‌ 9 ലക്ഷം ചെരാതുകള്‍. ഒപ്പം ദീപം തെളിയിക്കലില്‍ പുതിയ ഗിന്നസ് ലോകറെക്കോര്‍ഡും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സരയൂ തീരത്ത് മണ്‍ചെരാതുകള്‍ തെളിഞ്ഞത്. വര്‍ണ്ണാഭമായ വെടിക്കെട്ടും ലേസര്‍ ഡിസ്പ്ലേകളുടെയും അകമ്പടിയോടെ ലൈറ്റ് ഷോയും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. 

 രാമക്ഷേത്രം പണിയുന്ന അയോധ്യ നഗരത്തില്‍ ഇത്തവണ മൂന്ന് ലക്ഷം ദീപങ്ങള്‍ അധികമായി കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദീപാവലി ആഘോഷത്തില്‍ 6 ലക്ഷത്തോളം ദീപങ്ങള്‍ തെളിയിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം 9 ലക്ഷം ദീപങ്ങള്‍ തെളിയിക്കണമെന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്. 

Deepotsav ayodhya
അയോധ്യയിൽ ദീപോത്സവം ആഘോഷത്തിന്റെ ഭാഗമായി സരയൂനദിയുടെതീരത്ത് മൺചിരാത്‌ തെളിയിക്കുന്ന ഭക്തർ  | ഫോട്ടോ പി.ടി.ഐ

യോഗി സര്‍ക്കാര്‍ അയോധ്യയില്‍ ദീപോത്സവം നടത്തുന്ന അഞ്ചാമത്തെ വര്‍ഷമാണിത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അതിനാല്‍ യാതൊരുവിധ കുറവുകളും ആഘോഷത്തിനുണ്ടാകരുതെന്ന നിര്‍ബന്ധവും സര്‍ക്കാരിനുണ്ടായിരുന്നു. നദീതീരത്ത് ദീപങ്ങള്‍ തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരും യോഗി ആദിത്യനാഥും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Content Highlights: Nine lakh diyas lights up the banks of sarayu river in ayodhya during deepotsav celebrations