മുംബൈ: ഒമിക്രോണ്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നവംബര്‍ 10നും ഡിസംബര്‍ രണ്ടിനും ഇടയില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമ്പത് അന്താരാഷ്ട്ര യാത്രക്കാര്‍ കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

കൂടുതല്‍ പരിശോധനയ്ക്കായി കോവിഡ് സ്ഥിരീകരിച്ച ഒമ്പത് യാത്രക്കാരുടെയും സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബെംഗളൂരുവില്‍ ഇന്നലെ രാജ്യത്തെ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥീരീകരിച്ചിരുന്നു.

ഡെല്‍റ്റ, ബീറ്റ സ്ട്രെയിനുകളെ അപേക്ഷിച്ച് ഒരു വ്യക്തിയില്‍ വീണ്ടും അണുബാധയുണ്ടാക്കാനുള്ള സാധ്യത ഒമിക്രോണിന് മൂന്നിരട്ടി കൂടുതലാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്.

എന്നാല്‍, പരിഭ്രാന്തരാകാതെ ജാഗ്രത തുടരാനും കാലതാമസം കൂടാതെ പ്രതിരോധ കുത്തിവെപ്പ് എടുക്കാനും കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും പരിശോധനാ നടപടികള്‍ കര്‍ശനമാക്കുന്നതിനും കേന്ദ്രം ഇതിനകം തന്നെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Content Highlights: Nine International travellers in Mumbai tested Positive for Covid