ഡെറാഡൂണ്‍: പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സൈനികസേവനത്തിനൊരുങ്ങുന്നു. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമപ്പട്ടികയ്ക്കായി കാത്തിരിക്കുകയാണ് ഇരുപത്തെട്ടുകാരിയായ നികിത. ആക്രമണത്തിനെത്തിയ ഭീകരരെ തുരത്തുന്നതിനുള്ള സൈനിക നീക്കത്തിനിടെയാണ് മേജര്‍ വിഭൂതി ശങ്കറിന് ജീവന്‍ നഷ്ടമായത്.
നന്മ മാത്രമായിരുന്നു വിഭൂതിയുടെ മനസിലുണ്ടായിരുന്നതെന്ന് നികിത പറയുന്നു. സ്‌നേഹം, അനുകമ്പ, ധീരത, ബുദ്ധിസാമര്‍ഥ്യം തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തു ചേര്‍ന്ന ഒരു വ്യക്തിയായിരുന്നു വിഭൂതിയെന്നും നികിത ഓര്‍മിക്കുന്നു. അദ്ദേഹത്തിന് അഭിമാനകരമായ വിധത്തില്‍ പ്രവര്‍ത്തിക്കാനും ജീവിക്കാനുമാണ് താനാഗ്രഹിക്കുന്നതെന്നും തങ്ങളുടെ പ്രണയം എക്കാലവും നിലനില്‍ക്കുമെന്നും നികിത വ്യക്തമാക്കുന്നു.
പുരോഗമനചിന്താഗതിക്കുടമയായിരുന്ന വിഭൂതി ഉയരങ്ങളിലേക്ക് പറക്കാന്‍ എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. വിഭൂതിയോട് തനിക്കുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയിലാണ് സൈനികസേവനം തിരഞ്ഞെടുത്തതെന്ന് നികിത കൗള്‍ കൂട്ടിച്ചേര്‍ത്തു. വിഭൂതിയുടെ അമ്മ സരോജ് ഡൗന്‍ഡിയാല്‍ പിന്തുണയുമായി ഒപ്പമുണ്ടെന്ന നികിത അറിയിച്ചു. സരോജിനൊപ്പമാണ് നികിത ഇപ്പോള്‍ താമസിക്കുന്നത്.
വെറും പത്ത് മാസമാണ് നികിതയുടേയും മേജര്‍ വിഭൂതി ശങ്കറിന്റെയും വിവാഹ ജീവിതത്തിന് ആയുസ്സുണ്ടായത്. താനും അമ്മയും എപ്പോഴും വിഭൂതിയുടെ കാര്യം പറയാറുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട് പൂര്‍ത്തിയായെങ്കിലും വിഭൂതി ഇപ്പോഴും കൂടെയുണ്ടെന്ന തോന്നലാണ് തങ്ങള്‍ക്കുള്ളതെന്ന് നികിത പറയുന്നു. സൈന്യത്തില്‍ ചേരാനുള്ള നികിതയുടെ തീരുമാനം ആദ്യം ഇരു കുടുംബങ്ങളും എതിര്‍ത്തെങ്കിലും നികിതയുടെ ഉറച്ച തീരുമാനത്തോട് പിന്നീട് യോജിക്കുകയായിരുന്നു.
കണ്ണീരിനിടയിലും സധൈര്യം ഭര്‍ത്താവിന് അന്തോമോപചാരമര്‍പ്പിക്കുന്ന നികിത കൗള്‍ എല്ലാവരിലും സങ്കടവും അലിവും ഉണര്‍ത്തിയിരുന്നു. ജയ് ഹിന്ദ് പറഞ്ഞാണ് നികിത ഭര്‍ത്താവിന് അന്തിമയാത്രാമൊഴിയര്‍പ്പിച്ചത്. എന്നാല്‍ കണ്ണീരല്ല ഭര്‍ത്താവിനോടുള്ള പ്രണയം പ്രകടിപ്പിക്കേണ്ടത് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്ന സൈനിക സേവനമെന്ന കര്‍മമേഖല തിരഞ്ഞെടുത്തുകൊണ്ടാണെന്ന് ലോകത്തോട് പറയുകയാണ് നികിതയെന്ന ധീരയുവതി.
Content Highlights: Nikita Kaul Wife of Pulwama Braveheart set to join Army