ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയിലെ പോലീസ് ബാരിക്കേഡില്‍ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിഹംഗ് സംഘടനയായ നിര്‍വൈര്‍ ഖല്‍സ-ഉഡ്ന ദള്‍. തങ്ങളുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് വ്യക്തമാക്കി. പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ ചീമാ കുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള 35-കാരനായ ലഖ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.

തങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും അപഹസിച്ചാല്‍ അവരോട് ഈ രീതിയിലാകും പെരുമാറുകയെന്നും ഏതെങ്കിലും ഭരണകൂടത്തേയോ പോലീസിനെയോ സമീപിക്കില്ലെന്നും ബല്‍വിന്ദര്‍ സിങ്ങ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'കൊല്ലപ്പെട്ട യുവാവ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഞങ്ങളുടെ ക്യാമ്പിലെത്തിയത്. അയാള്‍ ഞങ്ങളുടെ വിശ്വാസം പെട്ടെന്ന് നേടിയെടുത്തു. പിന്നീട്  വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു', ബല്‍വിന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് ശേഷം ലഖ്ബീര്‍ സിങ്ങ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്ന നിഹംഗുകള്‍ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപത്തുവെച്ച് ലഖ്ബീറിനെ ആക്രമിക്കുകയായിരുന്നു. വിശുദ്ധ ഗ്രന്ഥം ല്ഖിബീറിന് അടുത്തുനിന്ന് ബലംപ്രയോഗിച്ച് വാങ്ങുകയും ചെയ്തു. പിന്നീട് കൊലപ്പെടുത്തിയശേഷം ബാരിക്കേഡില്‍ കെട്ടിത്തൂക്കി. 

കഴിഞ്ഞവര്‍ഷവും നിഹംഗുകള്‍ ഇത്തരത്തില്‍ ദാരുണമായ ആക്രമണം നടത്തിയിരുന്നു. ലോക്ഡൗണിനിടെ പാസ് ചോദിച്ച പോലീസുകാരന്റെ കൈ വെട്ടിമാറ്റിയാണ് നിഹാംഗ് അംഗങ്ങള്‍ പ്രതികാരം ചെയ്തത്. പട്യാലയിലായിരുന്നു ഈ സംഭവം. 

Content Highlights: Nihang group Nirvair Khalsa-Udna Dal admits to killing man at Singhu border over sacrilege