മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരിക. ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ ഉണ്ടാവില്ല. എന്നാല്‍ ജില്ലാതല ലോക്ഡൗണുകള്‍ എപ്പോള്‍ പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണാധികാരികള്‍ക്ക് തീരുമാനിക്കാം. ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,902 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17,019 പേര്‍ കൂടി രോഗമുക്തി നേടുകയും 112 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26,37,735 ആയിട്ടുണ്ട്. 23,00,056 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 53,907 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്ത് 2,82,451 സജീവ കേസുകളാണുള്ളത്. 

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയ വിഭാഗവും മുംബൈയിലാണെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5513 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം ഇതുവരെ 3,85,628 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകളുടെ സാന്നിധ്യവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlifhts: Night Curfew In Maharashtra From Sunday, Malls To Shut At 8 PM