ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവർ മെഹബൂബ മുഫ്തിയെ ഗുപ്കറിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ | Photo: twitter.com|OmarAbdullah
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ നിന്നും മോചിതയായതിനു പിന്നാലെ മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും മകന് ഒമര്‍ അബ്ദുള്ളയും എത്തി.
മെഹബൂബ മുഫ്തിയുടെ ഗുപ്കറിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്തയോഗത്തിലേക്ക് പി.ഡി.പി നേതാവ് കൂടിയായ മെഹബൂബ മുഫ്തിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും പതിനാലര മാസത്തെ വീട്ടുതടങ്കലില്‍ നിന്നും മോചിതയായ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ക്ഷേമം തിരക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നാളെ നടക്കുന്ന സംയുക്ത യോഗത്തില്‍ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ഗുപ്കര്‍ പ്രഖ്യാപനത്തിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്.
ഫാറൂഖ് അബ്ദുള്ള തന്നെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയത് നല്ലകാര്യമെന്നാണ് മെഹബൂബ മുഫ്തിയും പ്രതികരിച്ചത്. അദ്ദേഹത്തോട് സംസാരിച്ചത് തനിക്ക് ആത്മവിശ്വാസം നല്കി. ഒരുമിച്ച് നിന്ന് പലകാര്യങ്ങളിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലില്‍ ആക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമ (പി.എസ്.എ.) പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കള്‍ക്കെതിരായ നടപടി.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയേയും പിതാവ് ഫാറൂഖ് അബ്ദുള്ളയേയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. എട്ടു മാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചശേഷമാണ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്.
Content Highlights: ‘Nice of you to come home’: Mehbooba Mufti to Farooq, Omar Abdullah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..