പ്രവീൺ നെട്ടാരു, പ്രവീണിന്റെ സംസ്കാരച്ചടങ്ങിൽനിന്ന് | Photo: PTI
ബെംഗളൂരു: കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം എന്‍.ഐ.എ. അന്വേഷിക്കും. കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രവീണിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്നെ കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി. നേതാക്കള്‍ എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രസഹമന്ത്രി ശോഭ കരന്ദലാജെ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് കത്തെഴുതുകയും ചെയ്തിരുന്നു.
കേസില്‍ തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ട്. അതിനാല്‍ എന്‍.ഐ.എ. അന്വേഷിക്കുന്നതാണ് ഉചിതം എന്നായിരുന്നു ശോഭയുടെ കത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എയ്ക്ക് വിടാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതും ശുപാര്‍ശ നല്കിയിരിക്കുന്നതും. സംഭവത്തില്‍ തീവ്രവാദബന്ധം ഉണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേസില്‍ പോലീസ് അന്വേഷണത്തില്‍ ഉപരി എന്‍.ഐ.എ. അന്വേഷണം വേണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
പ്രവീണിന്റെ കൊലപാതകത്തിന് പിന്നാലെ വലിയ സമ്മര്‍ദവും പരാതികളും ബി.ജെ.പി. പ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്നിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുകയും ചെയ്തു. ഇത്തരം പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യംകൂടി എന്‍.ഐ.എയ്ക്ക് കേസ് കൈമാറുക എന്ന നീക്കത്തിലൂടെ ലക്ഷ്യംവെക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..