ന്യൂഡല്‍ഹി:ഹിരാഖണ്ഡ് എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ പാകിസ്താന്‍ സംഘടനയായ ഐഎസ്‌ഐയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നു. ഇതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം ആന്ധ്രയിലെ കുനേരുവിലെത്തി.

2016ലെ ഇന്‍ഡോര്‍-പറ്റ്‌ന എക്‌സ്പ്രസ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഐഎസ്‌ഐയുടെ പങ്ക് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തോട് ഹിരാഖണ്ഡ് എക്‌സ്പ്രസ് അപകടം സംബന്ധിച്ചും അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. പറ്റ്‌ന എക്‌സ്പ്രസ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിടിയിലായ മൂന്നു പേര്‍ ഐഎസ്‌ഐ നിയോഗിച്ചവരാണെന്ന റിപ്പോര്‍ട്ട് സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

മോടി പസ്വാന്‍, ഉമാശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് കഴിഞ്ഞ ആഴ്ച ബീഹാറിലെ ചമ്പാരനില്‍നിന്ന് പിടിയിലായത്. ബിഹാറിലെ ഗൊരഷാന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചതിനു പിന്നില്‍ ഇവരാണെന്നും മൂന്ന് ലക്ഷം രൂപ ഇതിന് പ്രതിഫലമായി കൈപ്പറ്റിയെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. 

ഇവര്‍ ഐഎസ്‌ഐയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സ്‌ഫോടനത്തില്‍ ഐഎസ്‌ഐയ്ക്ക് പങ്കുള്ളതായി ഇവരുടെ മൊഴിയില്‍ സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിച്ച് എന്‍ഐഎയുടെ ഒരു സംഘം ബിഹാറിലും അന്വേഷണം നടത്തിവരികയാണ്.

ആന്ധ്രയിലെ കുനേരു റെയില്‍വേ സ്‌റ്റേഷനു സമീപം ശനിയാഴ്ച രാത്രിയാണ്‌ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളംതെറ്റിയത്. അപകടത്തില്‍ 39 പേര്‍ മരിച്ചിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ചരക്ക് തീവണ്ടി ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നുവെന്നും പാതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും അപകടത്തിന് പിന്നിലെ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും റെയില്‍വെ അധികൃര്‍ വ്യക്തമാക്കിയിരുന്നു.