ബെംഗളൂരു: ബെംഗളൂരു കലാപക്കേസിലെ മുഖ്യ ഗൂഢാലോചനക്കാരനെ എൻഐഎ കസ്റ്റഡിയിലെടുത്തു. സയിദ് സാദ്ദിഖ് അലിയെ ആണ്  എൻഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ.യുടെ ആദ്യത്തെ അറസ്റ്റാണിത്. അക്രമവുമായി ബന്ധപ്പെട്ട, തീവ്രവാദബന്ധമുള്ള കേസുകളിലാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. കെ.ജി. ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് സയ്യിദ് സാദിഖ് അലിയെ അറസ്റ്റു ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് 30 സ്ഥലങ്ങളിൽ അന്വേഷണസംഘം തിരച്ചിൽ നടത്തി. സംഭവസ്ഥലത്ത് നടത്തിയ തിരച്ചിലിൽ തോക്കുകളും മാരകായുധങ്ങളും പെല്ലറ്റുകളും ഇരുമ്പ് ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓഗസ്ത് 11-നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആര്‍. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഘര്‍ഷത്തിന്റെ ഭാഗമായി എംഎല്‍എയുടെ വസതിയിലടക്കം അക്രമികള്‍ തീയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ബിജെപി ആരോപിച്ചത്. അതേസമയം ആരോപണം എസ്ഡിപിഐ നിഷേധിച്ചു.