മേട്ടുപ്പാളയം: തമിഴ്‌നാട്ടില്‍ കോയമ്പത്തുരിനടുത്തുള്ള മേട്ടുപ്പാളയത്ത് ഐഎസ് തീവ്രവാദബന്ധമാരോപിച്ച് മലയാളിയടക്കം രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 

മേട്ടുപ്പാളയം സ്വദേശിയും മലയാളിയുമായ റഹ്മത്തുള്ള, മേട്ടുപ്പാളയം അമീര്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുള്ള സമന്‍സ്  വീട്ടിലെ വിലാസത്തില്‍ നേരിട്ടെത്തി കൈമാറിയത്. രണ്ട് പേരോടും എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ ഒമ്പതാം തിയ്യതി ഹാജരാകാനാണ് നോട്ടിസില്‍ ആവശ്യപെട്ടിട്ടുള്ളത്.
 
സെല്‍ഫോണ്‍ കട ഉടമയായ അമീര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5 സിംകാര്‍ഡുകള്‍ കൂട്ടുകാരനായ റഹ്മത്തുള്ളയ്ക്ക് വിതരണം ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആംബുലന്‍സ് ഡ്രൈവറും ആമീറിന്റെ സെല്‍ഫോണ്‍കടയുടെ തൊഴില്‍ പങ്കാളിയുമാണ് റഹ്മത്തുള്ള.  

ഇതില്‍ ഒരു സിംകാര്‍ഡില്‍ നിന്ന് തീവ്രവാദബന്ധം സ്ഥിതീകരിക്കുന്ന വിദേശകോളുകളടക്കം വിളിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. കേരളത്തിലെ ഐ.എസ്.ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ യൂണിറ്റാണ് മേട്ടുപ്പാളയം ഭാഗത്ത് കഴിഞ്ഞ 4 ദിവസങ്ങളിലായി അന്വേഷണം നടത്തുന്നത്. 

എന്‍.ഐ.എ എസ്.പി രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂര്‍ മേഖലയിലെത്തിയിട്ടുള്ളത്. സമന്‍സ് ലഭിച്ച അമീര്‍ മേട്ടുപ്പാളയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസിന്റെ വിചാരണയ്ക്ക് ശേഷം കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ വിട്ടയച്ചു. 

എന്നാല്‍ എന്‍ഐഎ അന്വേഷിച്ച് എത്തിയതായി അറിഞ്ഞ റഹ്മത്തുള്ള രണ്ട് ദിവസമായി വീട്ടിലെത്തിയിട്ടില്ല. തുടര്‍ന്ന് എന്‍ഐഎ എസ്‌ഐ സഞ്ജയ്യും സംഘവും ഇയാളുടെ വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം അമ്മയ്ക്ക് റഹ്മത്തുള്ളയെ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സ് കൈമാറിയ ശേഷം മടങ്ങി.

ഒന്നര വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ ജില്ലാ സെക്രട്ടറി നജിമുദ്ദീന്റെ ഫോണ്‍ നമ്പറിനെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നതായാണ് വിവരം.