ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്.) ഭീകരനെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഐ.എസ്.ഐ.എസിന്റെ സുപ്രധാന പ്രവര്‍ത്തകനായ അബു ഹാജിര്‍ അല്‍ ബദ്രി എന്ന ജുഫ്രി ജവഹര്‍ ദാമുദിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കര്‍ണാടകയിലെ ഭട്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അബു ഹാജിര്‍ അല്‍ ബദ്രിയുടെ പ്രധാന സഹായികളിലൊരാളായ അമീന്‍ സുഹൈബിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഐഎസ് ആശയ പ്രചരണത്തിനുള്ള പ്രതിമാസ ഓണ്‍ലൈന്‍ മാസികയായ 'വോയ്‌സ് ഓഫ് ഹിന്ദ്' പുറത്തിറക്കുന്നതിലുള്ള പങ്ക് വ്യക്തമായതിനേത്തുടര്‍ന്ന് ഇയാള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. 

ഐ.എസ്.ഐ.എസ്. ആശയങ്ങളുടെ പ്രചാരണത്തിന് പുറമേ ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങല്‍, ഭീകരര്‍ക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ പിന്തുണ നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലേയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു.

പോലീസ് ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും അടക്കമുള്ളവരെ കൊലപ്പെടുത്താനും ക്ഷേത്രങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാശമുണ്ടാക്കാനും ഇയാള്‍ സൈബര്‍ അനുയായികളെ പ്രേരിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങള്‍ ആസ്ഥാനമായായണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൈബര്‍ ഇടങ്ങളില്‍ ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടികൂടുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകളും ഇയാള്‍ എടുത്തിരുന്നതായാണ് വിവരം. 

എന്നാല്‍ ഇയാള്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരിക്കാം എന്ന നിഗമനത്തിലായിരുന്നു സുരക്ഷാ ഏജന്‍സികള്‍. ഈ വിലയിരുത്തലുകളുടേയും ജൂലായില്‍ അറസ്റ്റിലായ ഉമര്‍ നിസാറിന്റെ വെളിപ്പെടുത്തലുകളുടേയും വിദേശ ഏജന്‍സികളുമായുള്ള ഏകോപനത്തിന്റേയും ഫലമായാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തിയത്. അബു ഹാജിര്‍ അല്‍ ബദ്രി ഭട്കലില്‍ നിന്നുള്ള ജുഫ്രി ജവഹര്‍ ദാമുദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിയുകയായിരുന്നു.

Content Highlights: NIA, Karnataka Cops Nab Key ISIS Operative, His Associate from Bhatkal