അഖിൽ ഗോഗോയ് | Photo:PTI
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി തനിക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തതായി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് അഖിൽ ഗോഗോയ്. ജാമ്യം നൽകുന്നതിന് പകരമായി ആർഎസ്എസ്സിലോ, ബി.ജെ.പിയിലോ ചേരണമെന്ന് ആവശ്യപ്പെട്ടതായും അഖിൽ ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ 2019-ഡിസംബറിൽ അറസ്റ്റിലായ അഖിൽ ഗോഗോയ് ഒരു കത്തിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഈ കത്ത് അദ്ദേഹത്തിന്റെ പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
എൻ.ഐ.എ. ഉദ്യോഗസ്ഥർ തനിക്ക് രാഷ്ട്രീയ പ്രഭാഷണങ്ങൾ നൽകിയിരുന്നതായും കത്തിൽ പരാമർശമുണ്ട്. 'ആദ്യം എന്നോട് ഹിന്ദുത്വയെ കുറിച്ച് പറഞ്ഞു. പിന്നീട് അവർ പ്രേരണ നൽകി. ഞാൻ ആര്‍എസ്എസ്സിൽ ചേരുകയാണെങ്കിൽ എനിക്ക് വേഗത്തിൽ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞു. ഈ വാഗ്ദാനം നിരസിച്ചപ്പോൾ ബിജെപിയിൽ ചേരാനുളള അവസരം നൽകി. അസമിലെ ഒഴിഞ്ഞുകിടക്കുന്ന നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എനിക്ക് മന്ത്രിയാകാമെന്ന് അവർ പറഞ്ഞു.' അഖിൽ പറയുന്നു.
എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം നിരസിച്ചതിനാൽ തന്റെ മേൽ നിരവധി കേസുകൾ കെട്ടിവെച്ചതായും സുപ്രീംകോടതിയിൽ നിന്ന് പോലും തനിക്ക് ജാമ്യം ലഭിച്ചില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. 'പുറത്തുകടക്കാനുളള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടതായി തോന്നുന്നു. എന്റെ കുടുംബം ഒരുവിധം അവസാനിച്ചുകഴിഞ്ഞു, ഞാൻ ശാരീരികമായി നശിക്കപ്പെട്ടിരിക്കുന്നു.'
എന്നാൽ അഖിലിന്റെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് തന്ത്രമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. '2019 ഡിസംബർ മുതൽ അറസ്റ്റിലാണ്. എന്തുകൊണ്ടാണ് ഇത്രയും കാലം മൗനമായി ഇരുന്നത്. ഇത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. അസമിലെ ജനങ്ങൾ ബുദ്ധിസാമർഥ്യമുളളവരും അവബോധമുളളവരുമാണ്. അവർ ഇത്തരം തന്ത്രങ്ങളിൽ വീഴില്ല.'- ബിജെപി വക്താവ് രുപം ഗോസ്വാമി പറയുന്നു.
പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനും അഖിലിന്റെ വാദങ്ങളെ നിഷേധിച്ചു. അഖിൽ പറയുന്നത് അസംബന്ധമാണെന്നും കളവാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlights:NIA asked to join RSS in exchange of bail alleges Akhil Gogoi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..