ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ഖാലിസ്ഥാന്‍ തീവ്രവാദി ഗുര്‍ജീത്ത് സിങ് നിജ്ജാറിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. സൈപ്രസില്‍ നിന്ന് നാടുകടത്തിയ ഗുര്‍ജീത്ത് സിങ്ങിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. 

ഖാലിസ്ഥാനി രാഷ്ട്രം കെട്ടിപ്പടുക്കാനായി ഇന്ത്യയില്‍ സിഖ് തീവ്രവാദം പുനരുജ്ജീവിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ക്രിമിനല്‍ കേസിലാണ് അറസ്റ്റ്. അമൃത്സറിലെ അജ്‌നാല നഗരത്തില്‍ താമസിച്ചിരുന്ന നിജ്ജാര്‍ 2017 ഒക്ടോബര്‍ 19നാണ് സൈപ്രസിലേക്ക് ഒളിച്ചുകടന്നത്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് എന്‍.ഐ.എ അറിയിച്ചു. സമാന ചിന്താഗതിക്കാരായ സിഖ് യുവാക്കളെയും മറ്റും ഖാലിസ്ഥാനി പ്രസ്ഥാനത്തില്‍ ചേരാന്‍ ഇയാള്‍ പ്രചോദിപ്പിച്ചിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു. 2019 ജനുവരി 10നാണ് നിജ്ജാറിനെതിരേയും കേസിലെ മറ്റൊരു പ്രതിയായ ഹര്‍പാല്‍ സിങ്ങിനെതിരേയും എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തത്. 

തുടരന്വേഷണത്തില്‍ ഇരുവര്‍ക്കും പുറമേ മോയിന്‍ എന്ന മൂന്നാമതൊരു പ്രതിക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുള്ളതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. മൂവരും സാമൂഹിക മാധ്യങ്ങളിലൂടെ 1984 ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്റെയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ജഗ്താര്‍ സിങ് ഹവാരയുടെയും ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

2019 മേയ് 23ന് മൂന്ന് പേര്‍ക്കുമെതിരേ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

content highlights: NIA arrests Khalistani terrorist at Delhi airport upon his deportation from Cyprus