ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയ അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു. താരിഖ് അഹമ്മദ് ഷാ (50), ഇന്‍ഷാ ജാന്‍ (23) എന്നിവരാണ് പുല്‍വമയിലെ ഹക്രിപ്പോര പ്രദേശത്തുനിന്ന് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പാകിസ്താനില്‍നിന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ചാവേറിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് കണ്ടെത്തിയത്.
ഇവരുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. സിആര്‍പിഎഫ് വാഹന വ്യൂഹം ലക്ഷ്യമാക്കി ചാവേര്‍ ആക്രമണം നടത്തിയ ദറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ വീട്ടില്‍വച്ചാണ് റെക്കോര്‍ഡ് ചെയ്തതെന്ന് എന്‍ ഐഎ പറയുന്നു. ഈ വീഡിയോ പിന്നീട് ജെയ്‌ഷെ ഭീകര സംഘടന പാകിസ്താനില്‍നിന്ന് പുറത്തുവിട്ടിരുന്നു.
ദറിനെക്കൂടാതെ മറ്റുപല ഭീകരര്‍ക്കും ഇവര്‍ സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരുന്നുവെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് അഭയം നല്‍കിയ മറ്റൊരാള്‍ നാലു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: NIA arrests father-daughter duo for sheltering Pulwama bomber