ന്യൂഡൽഹി: കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുളള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മരണപ്പെട്ടവരുടെ അന്തസ്സും അവകാശവും ഉയർത്തിപ്പിടിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു.

മരിച്ചവരുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്നതിനാൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നത് ഒഴിവാക്കണമെന്നുളള നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയ്ക്ക് വിശദമായ നിർദേശങ്ങൾ മനുഷ്യാവകാശ കമ്മിഷൻ അയച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതും മൃതദേഹങ്ങൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് മരണങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അധികൃതരോട് താല്ക്കാലിക ശ്മശാനങ്ങൾ നിർമിക്കാനും നിർദേശിച്ചിട്ടുണ്ട്. വലിയതോതിൽ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുത ശ്മശാനങ്ങൾ പ്രോത്സാഹിപ്പിക്കണം.

മൃതദേഹങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാർ ബോധവാന്മാരായിരിക്കണം. അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. കുടുംബാംഗങ്ങളും കോവിഡ് ബാധിതരായതിനാൽ മൂലം അന്ത്യകർമങ്ങൾ നടത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ അവരുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി അന്ത്യകർമങ്ങൾ നടത്താനുളള നടപടികൾ പ്രദേശിക ഭരണകൂടം സ്വീകരിക്കണം.

മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായുളള നടപടികൾ സ്വീകരിക്കണം. ദുരന്തങ്ങളിൽ മരിച്ചവരേയും കാണാതായവരേയും കുറിച്ചുളള വിവരങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന അധികൃതർ ഉറപ്പുവരുത്തണം. അമിതചാർജ് ഈടാക്കുന്ന ആംബുലൻസുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും അത്തരം മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

Content Highlights:NHRC recommended that the government should enact a special legislation to uphold the dignity and protect the right of the dead