ന്യൂഡല്‍ഹി: 2022-ലെ റിപ്പബ്ലിക് ദിന പരേഡ് നവീകരിച്ച രാജ്പഥില്‍ നടക്കും. രാഷ്ട്രപതിഭവനില്‍ നിന്ന് ഇന്ത്യാഗേറ്റ് വരെയുള്ള സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ പുനര്‍വികസനം ഇക്കൊല്ലം നവംബറില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വെള്ളിയാഴ്ച വ്യക്തമാക്കി. രാജ്യത്തെ പൗരര്‍ക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് രാജ്പഥിന്റെ നവീകരണം പൂര്‍ത്തിയാകുന്നതെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശേഷം കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. 

ഹൗസിങ് & അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍, ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം നിര്‍മാണപ്രവൃത്തികള്‍ നിരീക്ഷിച്ചതായും ഇതു വരെയുള്ള നിര്‍മാണപ്രവര്‍ത്തനം തൃപ്തികരവും സമയബന്ധിതവുമാണെന്നും ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. 

രാജ്പഥിന്റെ നവീകരണപ്രവൃത്തികളില്‍ വന്‍തോതിലുള്ള കല്‍പ്പണി, അടിപ്പാതകളുടെ നിര്‍മാണം, ഭൂമിക്കടിയിലുള്ള കെട്ടിടസമുച്ചയം, ഉദ്യാനം, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി. കൃത്രിമ തടാകങ്ങള്‍ക്ക് കുറുകെ പന്ത്രണ്ടോളം പാലങ്ങള്‍ പണിയും. രാജ്പഥ് സന്ദര്‍ശിക്കുവര്‍ക്ക് വിസ്മയകരമായ അനുഭവമായിരിക്കുമെന്നും നവംബറോടെ വികസനപരിപാടി പൂര്‍ത്തിയാകുന്നതിനാല്‍ അടുത്ത കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡ് പുതുക്കിയ രാജ്പഥിലൂടെയാവും നീങ്ങുകയെന്നും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

ഷപൂര്‍ജി പല്ലോഞ്ജി ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി(Central Vista redevelopment project) ഏറ്റെടുത്തിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, മൂന്ന് കിലോമീറ്ററോളം രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, കൂടാതെ വൈസ് പ്രസിഡന്റ് എന്‍ക്ലേവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

 

 

Content Highlights: Next Republic Day Parade On Refurbished Rajpath Central Vista Avenue