ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 

ഗുജറാത്തിലെ പാലന്‍പുരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഗുജറാത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. 

ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ആരുമായും ചര്‍ച്ച നടത്തിയില്ല. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അത് നരേന്ദ്രമോദിക്കെന്നല്ല ആര്‍ക്കും തകര്‍ക്കാന്‍ കഴിയുന്നതല്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

ഉദ്ദംപുരിലും ഗുരുദാസ്പുരിലുമെല്ലാം ഭീകരാക്രമണം ഉണ്ടായപ്പോള്‍ ആരുടെയും ക്ഷണമില്ലാതെ പാകിസ്താനില്‍ പോയ ആളാണ് മോദി. അത് എന്തിനായിരുന്നുവെന്ന് ജനങ്ങളോട് മോദി വെളിപ്പെടുത്തണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞി.