സഹോദരിമാരുടേയും കുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ ദൂദൂവിലെ കിണർ | Photo : Twitter / @ANI_MP_CG_RJ
ജയ്പുര്‍: രാജസ്ഥാനില്‍ ശനിയാഴ്ച മൂന്ന് സഹോദരിമാരുടേയും അവരുടെ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെടുത്ത കിണറ്റില്‍ തൊട്ടടുത്ത ദിവസം നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ഒരുമിച്ച് ആത്മഹത്യ ചെയ്ത സഹോദരിമാരില്‍ രണ്ട് പേര് പൂര്ണഗര്ഭിണികളായിരുന്നു. അതിലൊരാള്‍ കിണറിനുള്ളില്‍ ജന്മം നല്കിയ കുഞ്ഞിന്റെ മൃതദേഹമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഒരു യുവതിയുടെ പ്രസവം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നടക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം ദാരുണസംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ദൂദൂവിലെ ഒരേ കുടുംബത്തിലെ സഹോദരങ്ങളാണ് കലു ദേവി(27), മംമ്ത (23), കാംലേഷ് (20) എന്നിവരെ വിവാഹം ചെയ്തിരുന്നത്. ഭര്‍തൃവീട്ടില്‍ ഇവർക്ക് കടുത്ത പീഡനം നേരിടേണ്ടിവന്നിരുന്നെന്നാണ് റിപ്പോർട്ട്. ഇവര്‍ക്കൊപ്പം മരിച്ച കുട്ടികള്‍ കലു ദേവിയുടേതാണ്. കുട്ടികളില്‍ ഒരാള്‍ക്ക് നാല് വയസും മറ്റേ കുഞ്ഞിന് 27 ദിവസവുമായിരുന്നു പ്രായം. ബുധനാഴ്ച മുതല്‍ കാണാതായ യുവതികളുടേയും കുട്ടികളുടേയും മൃതദേഹം കണ്ടെടുക്കുമ്പോള്‍ വെള്ളത്തില്‍ കിടന്ന് ചീര്‍ത്ത നിലയിലായിരുന്നു. എന്നാല്‍ നവജാതശിശുവിന്റെ മൃതദേഹം ശനിയാഴ്ച ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കിണര്‍ മൂടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
2003-ലാണ് മൂന്ന് പെണ്‍കുട്ടികളുടേയും വിവാഹം നടന്നത്. ശൈശവവിവാഹമായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടണമെന്നും ജോലി സമ്പാദിക്കണമെന്നും മൂന്ന് പേരും അതിയായി ആഗ്രഹിച്ചിരുന്നു. മംമ്ത പോലീസ് കോണ്‍സ്റ്റബിള്‍ പ്രവേശനപരീക്ഷയ്ക്ക് യോഗ്യത നേടിയിരുന്നു. കലു അവസാനവര്‍ഷ ബിരുദവിദ്യാര്ഥിയയായിരുന്നു. ഇളയസഹോദരി കാംലേഷ് സര്‍വകലാശാല പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇവരെ വിവാഹം ചെയ്ത സഹോദരന്മാര് നര്‍സി, ഗോരിയോ, മുകേഷ് എന്നിവര്‍ അഞ്ച്-ആറ് ക്ലാസ്സുകളില്‍ പഠനം അവസാനിപ്പിച്ചിരുന്നു. സ്ഥിരമദ്യപാനികളായ ഇവര്‍ ഭാര്യമാരെ നിരന്തരം ദേഹോപദ്രവം ചെയ്യുന്നത് പതിവായിരുന്നും പോലീസ് പറയുന്നു.

ഭര്‍തൃവീട്ടുകാരുടെ ശാരീരികപീഡനത്തെ തുടര്‍ന്ന് കലു 15 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ സുഹൃത്തിനോട് സംസാരിച്ച ഇളയസഹോദരിയേയും ഭര്‍ത്താവ് അടുത്തിടെ ക്രൂരമായി മര്‍ദിച്ചതായും സൂചനയുണ്ട്. കാണാതാവുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ആത്മഹത്യാ സൂചന നല്കി മംമ്ത വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. 'ഓരോ ദിവസവും മരിക്കുന്നതിനേക്കാള്‍ ഒറ്റ മരണമാണ് നല്ലത്' എന്നായിരുന്നു മംമ്തയുടെ സ്റ്റാറ്റസ്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ കുറിച്ച് കാംലേഷും സ്റ്റാറ്റസ് ഇട്ടിരുന്നു. അടുത്ത ജന്മത്തിലും സഹോദരിമാരായി ജനിക്കാന്‍ ഈശ്വരന് തങ്ങളെ അനുഗ്രഹിക്കട്ടെയെന്നും തങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാര്‍ ദുഃഖിക്കരുതെന്നും കാംലേഷ് കുറിച്ചു.
യുവതികളുടെ മരണത്തില്‍ ഭര്ത്താക്കന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. സ്ത്രീധനപീഡനം നടന്നിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..