ന്യൂഡല്‍ഹി: ജനിച്ചയുടന്‍ മരണം സംഭവിച്ചെന്ന് ഡല്‍ഹി മാക്സ് ആശുപത്രി വിധിയെഴുതിയ നവജാത ശിശു ആറ് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള മാക്സ് ആശുപത്രിയില്‍ ഈ കുഞ്ഞ് പിറന്നത്.
ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവര്‍ക്ക് കൈമാറുകയായിരുന്നു. പെണ്‍കുഞ്ഞ് ജനിക്കും മുമ്പേ മരിച്ചിരുന്നെന്നും ആണ്‍കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കം ബേബി നഴ്സറിയില്‍ വച്ച് മരിച്ചെന്നുമാണ് മാതാപിതാക്കളെ അറിയിച്ചത്.
എന്നാല്‍, സംസ്കാരച്ചടങ്ങിന് തയ്യാറാകുമ്പോഴാണ് പെട്ടിക്കുള്ളില്‍ കുഞ്ഞുങ്ങളിലൊരാള്‍ക്ക് അനക്കം കണ്ടത്. ഉടന്‍ തന്നെ കശ്മീരി ഗേറ്റ് പ്രദേശത്തുള്ള ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച ഈ കുഞ്ഞ് കഴിഞ്ഞ അഞ്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഇപ്പോഴും മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാക്സ് ആശുപത്രിയുടെ ഉത്തരവാദിത്വ രഹിതമായ നടപടിക്കതിരേ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി ഇസിജി പരിശോധന നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..