ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍- കോവാക്‌സിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ സര്‍ക്കാരും നിര്‍മാണക്കമ്പനിയും രംഗത്ത്. കോവാക്‌സിന്‍ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗപ്പെടുത്തുന്നതായും ഇക്കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നും പാന്ധി ട്വീറ്റ് ചെയ്തിരുന്നു. വാക്‌സിന്‍ നിര്‍മാണം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകള്‍ യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുന്നതും ദുര്‍വ്യാഖ്യാനിക്കുന്നതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. 

'കോവാക്‌സിനില്‍ നവജാത കാലിക്കിടാങ്ങളുടെ രക്തത്തില്‍നിന്നു വേര്‍തിരിക്കുന്ന ഘടകങ്ങള്‍(Newborn Calf Serum) അടങ്ങിയിരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു. ഇരുപത് ദിവസം മാത്രം പ്രായമുള്ള കിടാങ്ങളെ കശാപ്പ് ചെയ്ത ശേഷം അവയില്‍നിന്ന് ശേഖരിക്കുന്ന കട്ടപിടിച്ച രക്തത്തിലെ ഘടകമാണ്‌ വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. അതിഹീനമായ പ്രവൃത്തിയാണിത്! ഈ വിവരം പൊതുജനങ്ങളെ നേരത്തെ ധരിപ്പിക്കണമായിരുന്നു.' ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു. ഇതിനെതിരെയാണ് സര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്. 

വെരോ കോശങ്ങളുടെ (vero cells)ഉത്പാദനത്തിന് വേണ്ടി മാത്രമാണ് നവജാത കാലിക്കിടാങ്ങളുടെ രക്തത്തിലെ ഘടകങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കാലികളുള്‍പ്പെടെ പല മൃഗങ്ങളുടേയും രക്തം വെരോ കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആഗോളമായി ഉപയോഗിക്കുന്നുണ്ട്. മറ്റ് കോശങ്ങളുടെ നിര്‍മാണത്തിനായി അടിസ്ഥാനമായി ഉപയോഗിക്കുന്ന കോശങ്ങളാണ് വെരോ കോശങ്ങള്‍. വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ കോശങ്ങളുടെ ഉത്പാദനത്തിന് ഇവയെ ഉപയോഗപ്പെടുത്തുന്നു. പോളിയോ, റാബീസ് , ഇന്‍ഫ്‌ളുവെന്‍സ തുടങ്ങിയവക്കെതിരെയുള്ള  വാക്‌സിന്‍ നിര്‍മാണത്തില്‍ ഈ സാങ്കേതികതയാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്.- സര്‍ക്കാര്‍ വിശദീകരിച്ചു. 

വെരോ കോശങ്ങള്‍ വളര്‍ത്തിയെടുത്ത ശേഷം ജലം, രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് നന്നായി കഴുകിയെടുക്കും. ഈ ശുദ്ധീകരിക്കല്‍ ബഫര്‍(buffer) എന്നാണ് അറിയപ്പെടുന്നത്. നവജാതകിടാങ്ങളില്‍ നിന്നുള്ള രക്തം ഈ കഴുകലോടെ നീക്കം ചെയ്യപ്പെടും. പിന്നീട് വെരോ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ പ്രവേശിപ്പിച്ച് വൈറസിനെ ഇരട്ടിപ്പിക്കും. വൈറസുകള്‍ വളരുന്നതോടെ വെരോ കോശങ്ങള്‍ പൂര്‍ണമായും നശിക്കും. പിന്നീട് ഈ വൈറസിനേയും നിര്‍വീര്യമാക്കിയ ശേഷം ശുദ്ധീകരിക്കും. ഈ 'കൊല്ലപ്പെട്ട' വൈറസിനെയാണ് അന്തിമഘട്ടത്തില്‍ വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വാക്‌സിന്‍ നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തില്‍ കാലികളില്‍നിന്നുള്ള രക്തത്തിന്റെ യാതൊരംശവും എത്തിച്ചേരുന്നില്ല എന്നതാണ് വാസ്തവം- കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് നവജാത കാലിക്കിടാങ്ങളുടെ രക്തം ഉപയോഗിക്കുന്നതെന്നും SARS CoV-2 വൈറസിന്റെ വളര്‍ച്ചാഘട്ടത്തിലോ വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലോ ന്യൂബോണ്‍ കാഫ് സിറം ഉപയോഗിക്കുന്നില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു. നിര്‍വീര്യമാക്കപ്പെട്ട, ശുദ്ധീകരിച്ച വൈറസ് മാത്രമാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വിവിധ വാക്‌സിനുകളുടെ നിര്‍മാണത്തില്‍ ന്യൂബോണ്‍ കാഫ് സിറം പതിറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നതായും കഴിഞ്ഞ ഒമ്പത് മാസമായി ഇക്കാര്യം തികച്ചും സുതാര്യമാക്കുകയും രേഖകളാക്കി സൂക്ഷിക്കുകയും ചെയ്തതായി ഭാരത് ബയോടെക് അറിയിച്ചു.

Content Highlights: Newborn Calf Serum Used to Make Covaxin Bharat Biotech, Centre Explain