പ്രിൻസ് രാജ് പാസ്വാനും ചിരാഗ് പാസ്വാനും (ഫയൽ) |ഫോട്ടോ:ANI
ന്യൂഡല്‍ഹി: എല്‍ജെപിയില്‍ പൊട്ടിത്തെറികള്‍ക്ക് പിന്നാലെ ചിരാഗ് പാസ്വാന്റെ കസിനും വിമത എംപിയുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ചിരാഗ് പാസ്വാന്റെ അച്ഛനും എല്‍ജെപി സ്ഥാപകനുമായ രാം വിലാസ് പാസ്വന്റെ സഹോദരന്റെ മകനാണ് പ്രിന്‍സ് രാജ്. ചിരാഗ് പാസ്വാനെതിരായ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയിട്ടുള്ളത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് പ്രിന്‍സ് മദ്യം നല്‍കി മയക്കിയ ശേഷം ബലാത്സംഗത്തിനിരയാക്കി എന്നാണ് ആരോപണം. അതേ സമയം പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തന്റെ കസിനെതിരായ ലൈംഗിക ആരോപണത്തിനെ കുറിച്ച് ചിരാഗ് പാസ്വാനോട് ആരാഞ്ഞപ്പോള്‍ ഇരുവരോടും പോലീസിനെ സമീപിക്കാന്‍ ഉപദേശിച്ചതായി അദ്ദേഹം പ്രതികരിച്ചു.
അതേ സമയം വിമതരുടെ ഇപ്പോഴത്തെ നേതാവും തന്റെ ഇളയച്ഛനുമായ പശുപതികുമാര്‍ പരാസിന് ചിരാഗ് മാര്‍ച്ച് 29-ന് അയച്ച കത്ത് അദ്ദേഹം ചൊവ്വാഴ്ച പങ്കുവെച്ചു. ഒരു വനിതാ പാര്‍ട്ടി പ്രവര്‍ത്തക പ്രിന്‍സ് രാജിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണ് കത്തിലെ ഉള്ളടക്കം.
'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു സ്ത്രീ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് പ്രിന്‍സിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ട്.. കുടുംബത്തിലെ തലവനായതിനാല്‍ ഞാന്‍ ഈ വിഷയത്തില്‍ നിങ്ങളോട് സംസാരിച്ചുവെങ്കിലും നിങ്ങള്‍ ഈ ഗുരുതരമായ കാര്യം അവഗണിച്ചു.ഇതിന് ശേഷം, സത്യവും നുണയും പുറത്തുവരുന്നതിനും കുറ്റവാളി ശിക്ഷിക്കപ്പെടുന്ന ഞാന്‍ പ്രിന്‍സിനോട് പോലീസിനെ സമീപിക്കാന്‍ ഉപദേശിച്ചു' ചിരാഗ് പാസ്വാന്‍ കത്തില്‍ എഴുതി.
ചിരാഗ് പാസ്വാനെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും വിമതര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. തന്നെ നേതൃ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ചിരാഗ് ദേശീയ എക്‌സിക്യുട്ടീവ് വിളിച്ച് ചേര്‍ത്ത് പശുപതി കുമാര്‍ പരാസും പ്രിന്‍സും അടക്കമുള്ള എംപിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..