വോട്ട് ബാങ്കുകള്‍ തുറക്കാനുള്ള ബി.ജെ.പിയുടെ പുതിയ താക്കോല്‍


മനോജ് മേനോന്‍

ആശയം വളരെ വ്യക്തമാണ്, ഹിന്ദുക്കളുടെ പാര്‍ട്ടി എന്ന മുദ്രയില്‍ മാത്രം ഒതുങ്ങി നിന്നാല്‍ ബി.ജെ.പിയുടെ രാജ്യവ്യാപനം എളുപ്പമല്ല.ഇക്കാര്യം നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ നിലവില്‍ സ്വാധീനമില്ലാത്ത  ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലേക്ക് കടന്നു കയറുകയും പുതിയ വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു

പ്രതീകാത്മചിത്രം | Photo : ANI

ചുരുക്കിപ്പറഞ്ഞാല്‍ കടന്നു ചെല്ലാന്‍ കഴിയാത്തതും അകന്നു നില്‍ക്കുന്നതുമായ മേഖലകളില്‍ എത്തിപ്പെടാന്‍ പുതിയവഴികള്‍ കണ്ടെത്തുകയും നിര്‍ദേശിക്കുകയുമായിരുന്നു ഹൈദരാബാദില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ അജണ്ടകളില്‍ പ്രധാനം. എന്നാല്‍, ഇങ്ങനെ ഒറ്റവാചകത്തില്‍ ഒതുക്കാവുന്നത്ര ലളിതമല്ല ഈ അജണ്ടയുടെ ഉള്ളടക്കം. കോണ്‍ഗ്രസ് മുക്തഭാരതം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിപുലീകരിച്ച രാഷ്ട്രീയ പദ്ധതികളിലേക്കുള്ള സമര്‍ഥമായ ഇടവഴികളായാണ് ബി.ജെ.പിയും സംഘപരിവാറും ഈ ഉള്ളടക്കത്തെ വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഹൈദരാബാദ് യോഗം കൈക്കൊണ്ട നിലപാടുകള്‍ ബി.ജെ.പിയുടെ വരുംകാല രാഷ്ട്രീയ നാള്‍വഴികളില്‍ നിര്‍ണായകമാണ്.

അതായത്, മേല്‍പറഞ്ഞ പ്രഖ്യാപിതലക്ഷ്യങ്ങളിലേയ്ക്ക് കയ്യെത്തണമെങ്കില്‍ പാര്‍ട്ടിയെന്ന നിലയിലും ആശയമെന്ന നിലയിലും സാന്നിധ്യവിപുലീകരണത്തിന്റെ പുതിയ സാധ്യതകള്‍ തേടേണ്ടത് ബി.ജെ.പിക്ക് അനിവാര്യമായിരിക്കുന്നുവെന്നും അതിനായി പുതിയ മേഖലകള്‍ കണ്ടെത്തി സ്വാധീനമുറപ്പിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് നിര്‍വാഹക സമിതി യോഗം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശം. ഇതിനുള്ള മാര്‍ഗ്ഗങ്ങളാണ് തെലങ്കാനയുടെ തലസ്ഥാനത്ത് രണ്ട് ദിവസം ആവിഷ്‌കരിക്കപ്പെട്ടത്. ഹിന്ദുക്കളില്‍ മാത്രം പരിമിതപ്പെടാതെ മറ്റ് സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പിന്നാക്കക്കാരുമായ ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയും അവിടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ സമാപനദിന പ്രസംഗം വിശദീകരിച്ചത് ഇതിനുള്ള ചിന്താപദ്ധതിയാണ്. ആശയം വളരെ വ്യക്തമാണ്, ഹിന്ദുക്കളുടെ പാര്‍ട്ടി എന്ന മുദ്രയില്‍ മാത്രം ഒതുങ്ങി നിന്നാല്‍ ബി.ജെ.പിയുടെ രാജ്യവ്യാപനം എളുപ്പമല്ല.ഇക്കാര്യം നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ നിലവില്‍ സ്വാധീനമില്ലാത്ത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലേക്ക് കടന്നു കയറുകയും പുതിയ വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. അതിനായി ഹിന്ദുത്വ ചിന്താപദ്ധതിയില്‍ നില കൊണ്ടു തന്നെ ,പ്രായോഗികമായതും ഉടന്‍ ഫലം തരുന്നതുമായ ഒരു രാഷ്ട്രീയ സമീപനം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.

പുറമേ ലളിതം, അകമേ സങ്കീര്‍ണം

ലളിതമല്ല സങ്കീര്‍ണമാണ് ഹൈദരാബാദ് യോഗത്തിന്റെ സമീപനം.1980 ല്‍ ബി.ജെ.പി. രൂപവത്ക്കരിച്ച കാലം മുതല്‍ അകലം പാലിക്കുന്ന ജനവിഭാഗങ്ങളിലും മത-ജാതി വിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കാതെ പാര്‍ട്ടിയുടെ വിപുലീകരണം എളുപ്പമല്ലെന്നോ,ഈ വിഭാഗങ്ങളെക്കൂടി ഒപ്പം നിര്‍ത്തി മാത്രമേ പാര്‍ട്ടിക്ക് വളരാന്‍ കഴിയൂ എന്നോ ഈ സന്ദേശത്തെ വ്യാഖ്യാനിക്കാവുന്നതാണ്. ഹൈന്ദവ മുദ്രാവാക്യങ്ങളും ഹൈന്ദവ അജണ്ടകളും ഉയര്‍ത്തി രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള സമുദായങ്ങളുടെ മുഖ്യധാരകളിലേക്ക് പ്രത്യക്ഷമായി കടന്നു ചെല്ലാന്‍ കഴിയാത്തതിനാല്‍, പരോക്ഷ മാര്‍ഗ്ഗങ്ങളിലൂടെ വേരുറപ്പിക്കുകയെന്ന തന്ത്രമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആശയക്കളരിയില്‍ രൂപമെടുത്തിരിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ സ്വാധീന വര്‍ഗ്ഗം പ്രതിരോധിക്കുമ്പോള്‍ തന്നെ, ഈ വിഭാഗങ്ങളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതും പിന്നാക്കം നില്‍ക്കുന്നതുമായ സമുദായങ്ങളിലേക്ക് കടന്നു ചെല്ലുകയും അവരില്‍ സ്വാധീനമുണ്ടാക്കുകയും വോട്ടുറപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിലെ പ്രായോഗിക രാഷ്ട്രീയം. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലേക്കുള്ള രാഷ്ട്രീയപാതയുടെ നിര്‍മാണമാണ് ഈ നീക്കത്തിന്റെ ഉള്‍ചേരുവ.

അതേ സമയം, ഹൈദരാബാദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ വച്ച് പൊടുന്നനെ പുറത്തെടുത്ത സൂത്രവാക്യമല്ല ഈ സമീപനം എന്നതാണ് യാഥാര്‍ഥ്യം. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ 2017 മുതല്‍ ബി.ജെ.പി. പ്രയോഗിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ ചാതുര്യത്തിന്റെ വിശാലപതിപ്പിനുള്ള ശ്രമമാണ് ഹൈദരാബാദ് യോഗം നടത്തിയത്. ഉത്തര്‍പ്രദേശിന് പുറത്തേക്കും ഈ സമീപനം വ്യാപിപ്പിക്കാനെടുത്ത തീരുമാനമാണ് നിര്‍വാഹക സമിതി യോഗത്തെ ബി.ജെ.പിയുടെ ചരിത്രത്തില്‍ പ്രസക്തമാക്കുന്നത്.ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട സ്ഥാനാര്‍ഥികളെ രംഗത്തിറക്കാതെ തന്നെ,ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ക്ക് വ്യക്തമായ മേധാവിത്വമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി വന്‍വിജയമുറപ്പിച്ചതിന് പിന്നില്‍ ഇത്തരം നീക്കങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ അസംഗഡിലും രാംപൂറിലും കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പിച്ചതിന് പിന്നില്‍ ത്രികോണ മത്സരം പോലെയുള്ള പതിവ് കാരണങ്ങളുണ്ടെങ്കിലും ജാതിസമവാക്യങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചതിന്റെ ഫലം കൂടിയാണത്.യു.പി,ബിഹാര്‍ സംസ്ഥാനങ്ങളിലെ മുസ്ലീം വിഭാഗത്തില്‍പ്പെട്ട പസ്മന്ദ പോലെയുള്ള പിന്നാക്ക വിഭാഗങ്ങള്‍, മറ്റ് സംസ്ഥാനങ്ങളിലും മറ്റ് സമുദായങ്ങളിലുമുള്ള സമാന സമുദായവിഭാഗങ്ങള്‍ തുടങ്ങിയവരെ സ്വാധീനിച്ച് പാര്‍ട്ടിയോട് അടുപ്പത്തിലാക്കി വിജയം സ്ഥിരമാക്കാനാണ് ബി.ജെ.പി. ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.രണ്ടാം യോഗി സര്‍ക്കാരില്‍ പസ്മന്ദ വിഭാഗത്തില്‍പ്പെട്ട നിയമസഭാ കൗണ്‍സില്‍ അംഗം ഡാനിഷ് ആസാദിനെ ന്യൂനപക്ഷവകുപ്പ് മന്ത്രിയായി അവരോധിച്ചത് ഈ നീക്കത്തിന്റെ തുടര്‍ച്ചയാണ്.വിവിധ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കണമെന്നായിരുന്നു മോദിയുടെ അഭിപ്രായം.

അമിത് ഷാ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അവകാശപ്പെട്ടതു പോലെ അടുത്ത 30-40 വര്‍ഷങ്ങള്‍ ബി.ജെ.പിയുടേതാകണമെങ്കില്‍ ഇത്തരം വിശാലസമീപനം വേണമെന്നാണ് ഹൈദരാബാദ് യോഗം നേതാക്കളോടും പ്രവര്‍ത്തകരോടും ആവശ്യപ്പെടുന്നത്. എല്ലാ പള്ളികള്‍ക്ക് താഴെയും ശിവലിംഗം തിരയേണ്ടതില്ലെന്ന സംഘപരിവാറിന്റെ സമവായ സമീപനത്തിനും ബി.ജെ.പിയുടെ പുതിയ നീക്കവുമായി ചേര്‍ച്ചയുണ്ടെന്നത് യാദൃച്ഛികമല്ല.

ദക്ഷിണേന്ത്യയും ലക്ഷ്യം

ചില സമുദായങ്ങളെന്നതു പോലെ തന്നെ ചില പ്രദേശങ്ങള്‍, അധികാരത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബി.ജെ.പിക്ക് നിലവില്‍ അപ്രാപ്യമാണ്.ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലും പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത പുതുച്ചേരിയിലും ഒഴികെ ബി.ജെ.പിക്ക് കാര്യമായ പ്രാതിനിധ്യം രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് ഇത് പരിമിതിയാണെന്ന വസ്തുത ബി.ജെ.പിയെ നിരന്തരം അലട്ടുന്നുണ്ട്.അതിനാല്‍,ദക്ഷിണേന്ത്യയിലേക്കുള്ള വിപുലീകരണമാണ് അടുത്ത ലക്ഷ്യമെന്ന് ഹൈദരാബാദ് യോഗം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാധീനം ക്ഷയിച്ചു തുടങ്ങിയ പ്രധാന പാര്‍ട്ടികളുടെ ഇടങ്ങളില്‍ കടന്നു കയറി ഈ സംസ്ഥാനങ്ങളില്‍ വേരോട്ടം വര്‍ധിപ്പിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.തെലങ്കാനയും തമിഴ്‌നാടുമാണ് ആദ്യ ലക്ഷ്യങ്ങള്‍.തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളും തമിഴ്‌നാട്ടില്‍ മുന്‍സഖ്യകക്ഷിയായ ഏ.ഐ.ഡി.എം.കെയുടെ ക്ഷീണവും മുതലെടുത്ത് മുഖ്യപ്രതിപക്ഷമാവുകയാണ് ആദ്യ പടി.ഇരുന്നിട്ട് കാലുനീട്ടുക എന്ന നാടന്‍ പ്രമാണം പിന്തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ ഭരണമെന്നതാണ് ബി.ജെ.പിയുടെ ആലോചന.ബംഗാളിലും ഒഡീഷയിലും മുഖ്യപ്രതിപക്ഷമാകാന്‍ ബി.ജെ.പി നടത്തിയ നീക്കങ്ങള്‍ക്ക് സമാനമാണിത്.എന്നാല്‍ പ്രാദേശിക രാഷ്ട്രീയവും സ്വത്വബോധവും പ്രാദേശികതയില്‍ അഭിമാനവും ശക്തമായ സംസ്ഥാനങ്ങളില്‍ ദേശീയത ഉയര്‍ത്തിയുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ സുഗമമല്ലെന്നതാണ് സമീപ കാല ചരിത്രം.ബംഗാള്‍ ഉദാഹരണം.തെലങ്കാന ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സമാന ഘടകങ്ങള്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകും.

Content Highlights: BJP, Vote Bank, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented