മുംബൈ: പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം പാമ്പിന് താക്കറേസ് ക്യാറ്റ് സ്‌നേക്ക് (Thackeray's Cat Snake) എന്ന് നാമകരണം ചെയ്തു. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകനാണ് തേജസ് താക്കറെ അടങ്ങിയ സംഘമാണ് പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത്. പുതിയയിനം പാമ്പിനെ കണ്ടെത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പാമ്പിന് തേജസ് താക്കറെയുടെ പേര് നല്‍കിയത്. 

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമാ‌ണ് തേജസ് താക്കറെ. 

ബോയ്ഗ ഗണത്തില്‍ പെടുന്ന ക്യാറ്റ് സ്‌നേക്കിലെ (മലയാളത്തില്‍ പൂച്ചക്കണ്ണന്‍ പാമ്പ്) ഇതു വരെ കണ്ടെത്തിയിട്ടില്ലാത്ത പ്രത്യേകവിഭാഗത്തില്‍ പെടുന്ന പാമ്പിനെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞതെന്ന് പുണെ ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്റെ ഡയറക്ടര്‍ വരദ് ഗിരി വ്യക്തമാക്കി. പുതിയയിനത്തെ കുറിച്ച് ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (BNHS) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ജേണലില്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2015 ലാണ് തേജസ് പുതിയയിനത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പാമ്പിനത്തെ കുറിച്ച് വിശദമായ പഠനം നടത്തി ഫൗണ്ടേഷന്‍ ഫോര്‍ ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന് റിപ്പോര്‍ട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൗണ്ടേഷന്‍ കൂടുതല്‍ പഠനം നടത്തുകയും പാമ്പിന്റെ ജീവിതരീതിയും പെരുമാറ്റരീതിയും വ്യക്തമായി തിരിച്ചറിയുകയും ചെയ്തു. 

നിബിഢ വനത്തിലാണ് ഈയിനം പാമ്പുകള്‍ സാധാരണയായി കണ്ടുവരുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ പാമ്പുകള്‍ക്ക്  മൂന്നടിയോളം നീളമുണ്ടാകാറുണ്ട്. തവളകളുടെ മുട്ടയാണ് ഇവയുടെ പ്രധാനഭക്ഷണം. ഇത്  വിഷമുള്ള ഇനമല്ല. 125 കൊല്ലത്തിന് ശേഷമാണ് ഈ വര്‍ഗത്തില്‍ പെട്ട പുതിയ ഒരിനം പാമ്പിനെ പശ്ചിമഘട്ടമേഖലയില്‍ നിന്ന് കണ്ടെത്തുന്നത്. സാതാര ജില്ലയിലെ കോയ്‌ന മേഖലയില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. 

തേജസിന്റെ ജ്യേഷ്ഠനും ശിവസേനയുടെ യുവവിഭാഗത്തിന്റെ നേതാവുമായ ആദിത്യ താക്കറെ പാമ്പിന്റെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. അനുജന്‍ തേജസാണ് ഈ പാമ്പിനെ കണ്ടെത്തിയതെന്നും അതിനാലാണ് ഈ പേര് നല്‍കിയതെന്നും ആദിത്യ ട്വിറ്ററില്‍ കുറിച്ചു. 

 

Content Highlights: New Snake Species Named After Uddhav's Thackeray's Younger Son