നരേന്ദ്രമോദി | Photo: Screen grab/ Twitter(ANI)
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പ്രതിപക്ഷത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത തന്റെ പരിപാടിയില്‍ അവിടുത്തെ പ്രധാനമന്ത്രി മാത്രമല്ല, മുന്‍ പ്രധാനമന്ത്രിയടക്കം പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ഒളിയമ്പ്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
'ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാത്രമല്ല, പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. അവരെല്ലാവരും ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ ഒന്നായി പങ്കെടുത്തു', മോദി പറഞ്ഞു.
ജപ്പാന്‍, പപ്പുവാ ന്യൂഗിനിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യയില്‍ തിരിച്ചെത്തി. ന്യൂഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ബി.ജെ.പി. സ്വീകരണമൊരുക്കി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മോദിയെ പൂമാലയണിയിച്ച് സ്വീകരിച്ചു.
രാജ്യം ഇന്നെന്ത് ചിന്തിക്കുന്നുവെന്ന് അറിയാന്‍ ലോകത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞ മോദി, കോവിഡ് വാക്‌സീന്‍ കയറ്റുമതിയ്‌ക്കെതിരായ പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടി നല്‍കി. 'ഇവിടെയുള്ള ആളുകള്‍ എന്തിനാണ് ഞാന്‍ ലോക രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കിയതെന്ന് ചോദിച്ചു. ഇത് ബുദ്ധന്റേയും ഗാന്ധിയുടേയും നാടാണെന്നാണ് എനിക്ക് പറയാനുള്ളത്. ശത്രുക്കളെപ്പോലും നമ്മള്‍ കരുതലോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍, ഞാന്‍ ലോകത്തിന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ നിങ്ങള്‍ ഭരണത്തിലെത്തിച്ചതുകൊണ്ടാണ് ഈ ആത്മവിശ്വാസം ലഭിക്കുന്നത്. ഇവിടെ വന്നവരെല്ലാം ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്, മോദിയേയല്ല', പ്രധാനമന്ത്രി പറഞ്ഞു.
തമിഴ് നമ്മുടെ ഭാഷയാണ്. അത് ഓരോ ഇന്ത്യന്റേയും ഭാഷണയാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ. പപ്പുവ ന്യൂഗിനിയയില്‍ തിരുക്കുറലിന്റെ ടോക്പിസിന്‍ പരിഭാഷ പുറത്തിറക്കാന്‍ തനിക്ക് അവസരമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: new Parliament building boycott Narendra Modi Opposition central vista anthony albanese
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..