ന്യൂഡല്‍ഹി:  നാവിക സേനയ്ക്ക് വേണ്ടി മാറ്റം വരുത്തിയ ലഘുയുദ്ധവിമാനമായ തേജസിന്റെ വിജയകരമായ കപ്പലിലെ ലാന്‍ഡിങ്ങിന് പിന്നാലെ മറ്റൊരു സുപ്രധാനമായ നീക്കവുമായി ഇന്ത്യ. തദ്ദേശിയമായി ഇരട്ട എഞ്ചിന്‍ യുദ്ധവിമാനം വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള അനുവാദം എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി ( എ.ഡി.എ)ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കി.

നിലവില്‍ വ്യോമസേനയുടെ ഭാഗമായി മാറിയ തേജസിന്റെ രൂപകല്പന നിര്‍വഹിച്ചത് എ.ഡി.എ ആണ്. മെയ് 22ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശിയമായി പുതിയ യുദ്ധവിമാനം വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ ഇറക്കുമതി പരമാവധി വെട്ടിക്കുറച്ച് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.

ആറ് വര്‍ഷത്തിനുള്ളില്‍ പുതിയ യുദ്ധ വിമാനത്തിന്റെ പ്രോട്ടോടൈപ്പിന്റെ പരീക്ഷണം നടക്കുമെന്നും 10 വര്‍ഷത്തിനുള്ളില്‍ അവ സൈന്യത്തിന്റെ ഭാഗമാവുകയും ചെയ്യുമെന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്.  നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, ഉടന്‍ സേനയുടെ ഭാഗമാകാന്‍ പോകുന്ന ഐഎന്‍എസ് വിക്രാന്ത് എന്നിവയില്‍ വിന്യസിക്കുന്നതിനായാണ് വിമാനം വികസിപ്പിക്കുന്നത്. 

നിലവില്‍ നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയതായി വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. തേജസ് വിമാനത്തിന് ഒറ്റ എഞ്ചിന്‍ മാത്രമാണുള്ളത്. 

നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിക്കാനൊരുങ്ങുന്ന വിമാനത്തിന് വ്യോമസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് പദ്ധതിയിലെ സവിശേഷതകള്‍ ഉണ്ടാകുമെങ്കിലും റഡാര്‍ സിഗ്നലുകളെ കബളിപ്പിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് വിവരങ്ങള്‍.

പുതിയ വിമാനത്തിനായി തയ്യാറാക്കിയ മൂന്ന് മാതൃകകള്‍ എ.ഡി.എ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ നാവിക സേന ഉപയോഗിക്കുന്ന മിഗ്-29കെ വിമാനങ്ങള്‍ക്ക് പകരക്കാരനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. 

ആറ് എയര്‍ ടു എയര്‍ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാകും ഈ വിമാനമെന്നാണ് കരുതുന്നത്. തദ്ദേശിയമായി വികസിപ്പിച്ച തേജസിന്റെ എം.കെ-2 വേരിയന്റിനേക്കാള്‍ കൂടുതല്‍ മികച്ച യുദ്ധവിമാനമാണ് വികസിപ്പിക്കാനായി ലക്ഷ്യമിടുന്നത്.

Content Highlights: New Made-In-India Fighter Cleared For Development, First Flight In 6 Years