ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മണ്ഡി (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വലിയ മാര്‍ക്കറ്റ്) സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എ.പി.എം.സി (അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) കള്‍ സംസ്ഥാന നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര നിയമങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കൃഷിമന്ത്രി ഇന്ത്യാ ടുഡേയോട് പറഞ്ഞു. കര്‍ഷക സംഘടനകള്‍ സമരം തുടരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

പുതിയ കാര്‍ഷിക നിയമങ്ങള്‍ മണ്ഡി സംവിധാനത്തെ തകര്‍ക്കുമെന്നും തങ്ങളെ വലിയ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കുമെന്നുമുള്ള ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപിഎംസികള്‍ക്ക് നികുതി ചുമത്തുന്നത് തുടരുകയും കര്‍ഷകര്‍ നേരിട്ട് വില്‍പ്പന നടത്തുന്നതിന് നികുതിയിളവ് നല്‍കുകയും ചെയ്യുന്നത് അടക്കമുള്ളവയാണ് ആശങ്കയ്ക്ക് അടിസ്ഥാനമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. കര്‍ഷകരുടെ അധിക വരുമാനത്തിനും നികുതി ചുമത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കൃഷിമന്ത്രി വിശദീകരിച്ചു. അതിനും നികുതി ഈടാക്കിയിരുന്നുവെങ്കില്‍ കര്‍ഷകനുതന്നെ അധിക ഭാരവും വഹിക്കേണ്ടിവരുമായിരുന്നു. സര്‍ക്കാര്‍ അത് ആഗ്രഹിക്കുന്നില്ല. 

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപിഎംസികളുടെ നികുതി കുറച്ചിട്ടുണ്ട്. അത്തരം നടപടികള്‍ തുടര്‍ന്നും ഉണ്ടാവും. മധ്യപ്രദേശ് സെസ് 0.5 ശതമാനമായി കുറച്ചു. പഞ്ചാബും ഹരിയാണയും നെല്ലിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി കുറച്ചു. അത്തരം നടപടികളെല്ലാം സംസ്ഥാനങ്ങളാണ് കൈക്കൊള്ളുന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. 

എന്നാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ മണ്ഡി സംവിധാനം ശക്തമാണ്. എപിഎംസികള്‍ ഇതോടെ ഇല്ലാതാവുമെന്ന ധാരണ പരന്നിട്ടുണ്ടെന്നും പഞ്ചാബിലെയും ഹരിയാണയിലെയും നിരവധി കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. 

എപിഎംസികളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി ദീര്‍ഘകാല അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഗുണംചെയ്യും. കര്‍ഷകരുടെ മത്സരശേഷി വര്‍ധിപ്പിക്കുക, അവര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് ഉറപ്പാക്കുക, സംസ്ഥാനാന്തര വ്യാപാരം സ്വതന്ത്രമായി നടത്താന്‍ അവര്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എത്ര നികുതി പിരിച്ചെടുത്താലും അവയെല്ലാം കാലക്രമത്തില്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ വിനിയോഗിക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

കടപ്പാട് - India Today

Content Highlights: New farm laws will not finish Mandi system - Agri Minister