ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം നിലവിൽ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യസംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാർഗങ്ങൾ വൈറസിനെ നിയന്ത്രിക്കാൻ പര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ. തിങ്കളാഴ്ച അറിയിച്ചു.

'കോവിഡ് വ്യാപനത്തിന്റെ വിവിധ സന്ദർഭങ്ങളിൽ വൈറസിന്റെ വ്യാപനനിരക്ക് ഇതിലധികമാകുന്നത് നാം കാണുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു'.ഡബ്ല്യു.എച്ച്.ഒ.യുടെ അടിയന്തരവിഭാഗം മേധാവി മൈക്കൽ റയാൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേ സമയം നിസ്സാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശരിയായ രീതിയിലാണ് പുതിയ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ നീങ്ങുന്നതെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. നിലവിൽ കോവിഡിന് കാരണമാകുന്ന വൈറസിനേക്കാൾ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാൽ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ പ്രസ്താവിച്ചിരുന്നു.

വൈറസിനെ പൂർണമായും നിയന്ത്രിക്കാൻ നാമിപ്പോൾ ചെയ്യുന്നത് കുറച്ചു കൂടി ഗൗരവമായും കുറച്ചു കാലത്തേക്ക് കൂടിയും തുടർന്നാൽ മതിയാകും. വൈറസിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യമുണ്ടായാലും അൽപം കൂടി കഠിനമായി പരിശ്രമിച്ചാൽ നമുക്കിതിനെ തുരത്താനാവും- മൈക്ക് റയാൻ പറഞ്ഞു.

കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് മുപ്പതോളം രാജ്യങ്ങൾ അതിർത്തികൾ അടച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്.

Content Highlights: New Covid Variant In UK "Not Out Of Control": WHO