.
ന്യൂഡല്‍ഹി: ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. റജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷറുടെ ഓഫീസായ ജനഗണ ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന അജണ്ട തീരുമാനിക്കുന്നതിനുള്ള വളരെ അടിസ്ഥാനപരമായ ഒന്നാണ് സെന്‍സസ് എന്നും അമിത് ഷാ വ്യക്തമാക്കി.
ഡിജിറ്റലായും അതോടൊപ്പം പൂര്‍ണവും വ്യക്തവുമായി ലഭിക്കുന്ന സെന്‍സസ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യത്യസ്ത തലത്തിലുള്ള നേട്ടമുണ്ടാകും. സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുമ്പോള്‍ ദരിദ്രരിലേക്കും വികസന പദ്ധതിയുടെ ഗുണം എത്തിക്കാന്‍ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
ജനന മരണ സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ പ്രത്യേക രീതിയില്‍ സൂക്ഷിച്ച് വെച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രീതിയില്‍ വിഭാവനം ചെയ്യാന്‍ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് 18 വയസാകുമ്പോള്‍ അയാളുടെ പേര് സ്വയമേ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടും. അതുപോലെ തന്നെ ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന് ലഭിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.
പുതിയ ബില്‍ വരുമ്പോള്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം (ആര്‍ബിഡി) ഭേദഗതി ചെയ്യേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബില്‍ നടപ്പിലാകുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പാസ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് പുറമെ സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കാനും എല്ലാവര്‍ക്കും വീട് നല്‍കാനും എല്ലാവരിലേക്കും കുടിവെള്ളം എത്തിക്കാനും എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണം നല്‍കാനും എല്ലാ വീട്ടിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുമുള്ള പദ്ധതി തയ്യാറാക്കന്‍ കഴിഞ്ഞത്.
സെന്‍സസിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നതിനാലും സെന്‍സസുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമല്ലാത്തതിനാലും ലഭ്യമായ കണക്കുകള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ലാതിരുന്നതിനാലും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് എത്ര പണം ചിലവഴിക്കേണ്ടിവരുമെന്ന് ആര്‍ക്കും കൃത്യമായ ധാരണയില്ലായിരുന്നു.
അതിനാലാണ് അടിസ്ഥന വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്താന്‍ ഇത്രയും കാലതാമസം വേണ്ടിവന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
ജനഗണ ഭവന്റെ ഉദ്ഘാടനത്തിനൊപ്പം ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. അടുത്ത സെന്‍സസ് ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ആയിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Content Highlights: new bill to link birth and death register with electoral rolls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..