ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുടലെടുത്ത വാക് പോര് കൂടുതല്‍ രൂക്ഷമായി. എച്ച്.ഡി.കുമാരസ്വാമി തന്നെ ശത്രുവായി മാത്രം കണ്ടതാണ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
സിദ്ധരാമയ്യ അദ്ദേഹത്തിന്റെ ഒന്നാമത്തെ ശത്രുവായി തന്നെ കണക്കാക്കിയെന്ന് നേരത്തെ ഒരു അഭിമുഖത്തിനിടെ എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു. അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി. ഇതിന് മറുപടിയായിട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
കുമാരസ്വാമി എന്നെ ശത്രുവായി കണ്ട് വൈരാഗ്യം വെച്ച്പുലര്‍ത്തി. പകരം എന്നെ ഒരു സുഹൃത്തായി കണക്കാക്കുകയും സഖ്യകക്ഷി നേതാവ് എന്ന നിലയില്‍ വിശ്വാസ്യതയും പുലര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കുമാരസ്വാമി തന്റെ പരാജയം മറച്ചുപിടിക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ്. എനിക്ക് എങ്ങനെ അദ്ദേഹത്തിന്റെ ശത്രുവാകാന്‍ സാധിക്കും. ഭരിക്കാന്‍ അറിയാത്തത് കൊണ്ടാണ് അത്തരം കാര്യങ്ങള്‍ പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
Content Highlights: Never treated me as friend but like an enemy': Siddaramaiah on Kumaraswamy