കൊല്‍ക്കത്ത: മറുനാടന്‍ തൊഴിലാളികള്‍ക്കായി ആരംഭിച്ച ശ്രമിക് തീവണ്ടിയെ 'കൊറോണ എക്‌സ്പ്രസ്' എന്ന് വിളിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ശ്രമിക് തീവണ്ടിയെ 'കൊറോണ എക്‌സ്പ്രസ്' എന്ന് മമത ബാനര്‍ജി ആക്ഷേപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

കഴിഞ്ഞ രണ്ടുദിവസമായി നടന്ന ബിജെപിയുടെ വെര്‍ച്വല്‍ റാലിയില്‍ മറുനാടന്‍ തൊഴിലാളികള്‍ക്കായി ആരംഭിച്ച ശ്രമിക് തീവണ്ടിയെ 'കൊറോണ എക്‌സ്പ്രസ്' എന്ന് ആക്ഷേപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയതായി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. മമത അപമാനിച്ചത് മറുനാടന്‍ തൊഴിലാളികള്‍ മറക്കില്ല. അവരുടെ മുറിവില്‍ ഉപ്പുപുരട്ടി. ബംഗാള്‍ ഭരണത്തില്‍നിന്ന് മമതയുടെ പുറത്തേക്കുള്ള പോക്കിന് ഇത് വഴിതുറക്കും. ബംഗാളില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കും എന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്. 

എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടാണ് മമത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 'ഞാന്‍ ഒരിക്കലും കൊറോണ എക്‌സ്പ്രസ് എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പൊതുജനങ്ങള്‍ അത് പറയുന്നുവെന്നാണ്. നിങ്ങള്‍ എന്റെ യഥാര്‍ഥ പ്രസ്താവന നോക്കൂ. ജനം പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്',  മമത വ്യക്തമാക്കി.

കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബംഗാള്‍ കൃത്യത പുലര്‍ത്തുന്നില്ലെന്നും കോവിഡ് പ്രതിരോധ നടപടികളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കുന്നില്ലെന്നും കേന്ദ്രം ആരോപിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കുളള ട്രെയിന്‍ സര്‍വീസിന് ബംഗാളില്‍ നിന്ന്  പിന്തുണ ലഭിക്കുന്നില്ലെന്നും കേന്ദ്രം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രവും പശ്ചിമബംഗാളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കേന്ദ്രത്തിന് കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ യഥാര്‍ഥ താല്പര്യമില്ലെന്നും ചില സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ബന്ധപ്രകാരമാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മുന്‍കൂട്ടി അറിയിക്കാതെ ട്രെയിന്‍ സര്‍വീസ് നടത്തിയതിനെയും അവര്‍ വിമര്‍ശിച്ചു. 

തന്റെ നിലപാടുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് മമത പറയുന്നത്. സാമൂഹിക അകലം പാലിക്കാതെ ട്രെയിനില്‍ വളരെ ചെറിയ ഇടത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ് വരുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുന്നതിനാലാണ് വിമര്‍ശിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി ഏഴുദിവസം ശ്രമിക് ട്രെയിനുകള്‍ ഓടിക്കുകയാണെങ്കില്‍ ശ്രമിക്കിന് (കുടിയേറ്റ തൊഴിലാളികള്‍ക്ക്) മൂന്നുമാസം ബുദ്ധിമുട്ടേണ്ടതായി വരില്ലായിരുന്നുവെന്നും മമത പറഞ്ഞു. 

Content Highlights: Never said 'Corona Express' : Mamta Banerjee