ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാനാവുമെന്ന് തെളിയിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലാതെ അനുവാദം നല്‍കുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താനാവുമെന്ന് തെളിയിക്കുന്നതിന് കമ്മീഷന്‍ അവസരം നല്‍കിയത് സംബന്ധിച്ച നിബന്ധനകളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്.
വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച പരീക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന മുന്‍ നിലപാടില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നോട്ടുപോയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പരീക്ഷണത്തില്‍ വോട്ടിങ് മെഷീന്‍ തുറന്ന് മദര്‍ ബോര്‍ഡ് പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ പരീക്ഷണത്തെ അര്‍ഥശൂന്യമാക്കമെന്ന് എഎപി ആരോപിച്ചു. എന്നാല്‍ മെഷീനില്‍ ആന്തരികമായി മാറ്റംവരുത്തുന്നത് മെഷീന്‍ തന്നെ മാറ്റുന്നതിന് തുല്യമാണെന്നും അതുകൊണ്ട് അത് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തു. ഒപ്പം എഎപിയുടെ അപേക്ഷ തള്ളുകയും ചെയ്തു. തുടര്‍ന്ന്, പരീക്ഷണത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് എഎപി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങളെ വിമര്‍ശിച്ചു. ഇത് പരീക്ഷണത്തിന്റെ ആധികാരികത ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നിലവില്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നതിന് എന്‍സിപി, സിപിഎം എന്നീ പാര്‍ട്ടികള്‍ മാത്രമാണുള്ളത്.