ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ താന്‍ ലിംഗവിവേചനം നേരിട്ടിട്ടില്ലെന്ന് മുന്‍ ഫ്‌ളൈറ്റ് ലെഫ്‌നന്റ് ഗുന്‍ജന്‍ സക്‌സേന ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പടെ രാജ്യത്തെ സേവിക്കാനുളള അവസരമാണ് വ്യോമസേന തനിക്ക് നല്‍കിയതെന്നും സൈന്യം നല്‍കിയ അവസരങ്ങളില്‍ എന്നും നന്ദിയുളളവളായിരിക്കുമെന്നും അവര്‍ പറഞ്ഞു. 

'ഗുന്‍ജന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍' എന്ന ചിത്രം എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച സ്യൂട്ടിലാണ് ഗുന്‍ജന്‍ സക്‌സേന സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്നുവെന്നും വ്യോമസേനയില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കുന്നതുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അത് വാസ്തവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്. 

ചിത്രം ഒരു ഡോക്യുമെന്ററി അല്ലെന്നും തന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതാണെന്നും ജസ്റ്റിസ് രാജീവ് ശക്ധറിന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുന്‍ജന്‍ സക്‌സേന 
വ്യക്തമാക്കി. പെണ്‍കുട്ടികളെ വ്യോമസേനയില്‍ ചേരുന്നതിനായി പ്രേരിപ്പിക്കുന്നതിനുളള സന്ദേശമാണിതെന്ന് ചിത്രത്തിന്റെ തുടക്കത്തിലുളള രണ്ടു പ്രസ്താവനകളില്‍നിന്നുതന്നെ വ്യക്തമാണെന്നും അവര്‍ പറഞ്ഞു. 

ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുളള കാര്യങ്ങളെല്ലാം തന്റെ ജീവിത്തില്‍ സംഭവിച്ചിട്ടുളളതാണെന്ന് ഗുന്‍ജന്‍ സക്‌സേന അവകാശവാദമുന്നയിച്ചിട്ടില്ല. ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവതികളെ പ്രചോദിപ്പിക്കുക എന്ന സന്ദേശമാണ് ചിത്രത്തിലൂടെ നല്‍കാന്‍ ശ്രമിച്ചത്. സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം, സ്വയം സംശയിക്കേണ്ടതില്ല, സ്വന്തം ലക്ഷ്യങ്ങളിലെത്തിച്ചേരുന്നതിനായി കഠിനാധ്വാനം ചെയ്യുക, അഭിഭാഷകന്‍ ആദിത്യ ദിവാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുന്‍ജന്‍ പറയുന്നു. 

സിനിമനിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ഗാത്മക സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ തനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും ഗുന്‍ജന്‍ വ്യക്തമാക്കി. വ്യോമസേനയില്‍ നിന്ന് യാതൊരു ലിംഗവിവേചനവും നേരിട്ടിട്ടില്ലെന്ന് പറഞ്ഞ ഗുന്‍ജന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ സേവിക്കാന്‍ തനിക്ക് വ്യോമസേന അവസരം നല്‍കിയെന്നും സേനയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.

Content Highlights:Never faced gender discrimination in air force- Gunjan Saxena