ഹൈദരാബാദ്: രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോഴും അങ്ങനെ പറയുന്നില്ലെന്ന് ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

കര്‍ഷകരുടെ 'ഡല്‍ഹി ചലോ' പ്രതിഷേധ മാര്‍ച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഉള്ളതാണെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞതിനോട് വിയോജിച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. പ്രക്ഷോഭത്തിന് പിന്നില്‍ ഹരിയാണയിലെ കര്‍ഷകരല്ല, പഞ്ചാബിലെ കര്‍ഷകരാണെന്ന് ആരോപിച്ച ഖട്ടാര്‍ പ്രക്ഷോഭത്തിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുള്ളത്. 

പ്രക്ഷോഭം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റണമെന്ന് അമിത് ഷാ ശനിയാഴ്ച കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരെ ഡിസംബര്‍ മൂന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭ്യര്‍ഥന ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് യൂണിറ്റ് അധ്യക്ഷന്‍ ജഗ്ജിത്ത് സിങ് തള്ളുകയാണ് ഉണ്ടായത്. അമിത് ഷാ ഉപാധിയോടെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അത് നല്ലകാര്യമല്ലെന്നും സിങ് പറഞ്ഞിരുന്നു. നിരുപാധികം തുറന്ന മനസോടെ കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ അദ്ദേഹം തയ്യാറാകേണ്ടതായിരുന്നു. യോഗം ചേര്‍ന്ന് അദ്ദേഹത്തിന് നല്‍കേണ്ട മറുപടി സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ജഗ്ജിത്ത് സിങ് പറഞ്ഞിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്.

Content Highlights: Never called farmers' protest politically motivated - Amit Shah