ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിനെ താന്‍ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പ്രധാന അനന്തരഫലം കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയമാണെന്നും ജാവഡേക്കര്‍ വെള്ളിയാഴ്ച പുണെയില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ട് കിട്ടി. എന്നാല്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് നാലുശതമാനം വോട്ടാണ് കിട്ടിയത്- ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലികളിലൊന്നില്‍വെച്ച് കേജ്‌രിവാള്‍ ഭീകരവാദിയാണെന്ന് ജാവഡേക്കര്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തെത്തിയിരുന്നു. 

"അരവിന്ദ് കേജ്‌രിവാളിനെ നിരാകരിക്കാന്‍ ഡല്‍ഹിക്കാര്‍ക്ക് ഒരു കാരണമുണ്ട്. കേജ്‌രിവാള്‍ നിഷ്‌കളങ്കമായ മുഖത്തോടെ ചോദിക്കും- ഞാനൊരു ഭീകരവാദിയാണോ എന്ന്. നിങ്ങളൊരു ഭീകരവാദിയാണ്. അതിന് മതിയായ തെളിവുകളുണ്ട്. നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു അരാജകവാദിയാണെന്ന്. അരാജകവാദിയും തീവ്രവാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല" എന്നായിരുന്നു ജാവഡേക്കറിന്റെ പരാമര്‍ശം.

content highlights: never called arvind kejriwal terrorist says prakash javadekar