കൊല്‍ക്കത്ത: കോവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നേതാജിയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുളള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
മഹാമാരിക്കെതിരേ ഇന്ത്യ കരുത്തോടെ പോരാടിയതും മഹാമാരിയെ പ്രതിരോധിക്കാനുളള വാക്‌സിന്‍ സ്വയം ഉല്പാദിപ്പിക്കുന്നതും കോവിഡിനോട് പോരാടാന്‍ മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ എത്തിക്കുന്നതും കാണുകയാണെങ്കില്‍ നേതാജി അഭിമാനം കൊളളുമായിരുന്നു.-പ്രധാനമന്ത്രി പറഞ്ഞു
നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കല്‍ വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍(എല്‍.എ.സി.) മുതല്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ എവിടെയൊക്ക ഉണ്ടാവുന്നുണ്ടോ, അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നല്‍കുന്നുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.
നേതാജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്നും മോദി പറഞ്ഞു. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങള്‍ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൗറ-കല്‍ക മെയില്‍ തീവണ്ടി നേതാജി എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: From LAC to LOC, world is seeing the India envisioned by netaji says pm modi