Photo: https://twitter.com/ananya116
വ്യോമഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിന് നിരന്തരം വിമർശനം കേൾക്കുന്ന രാജ്യമാണ് നേപ്പാൾ. ഇതിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ നേപ്പാളി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകപോലും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും ഒരു വിമാനദുരന്ത വാർത്തയാണ് നേപ്പാളില്‍നിന്ന് വരുന്നത്. 72 യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണ് കത്തിച്ചാമ്പലായി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുംതന്നെ മരിച്ചതായാണ് റിപ്പോർട്ട്.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോകുകയായിരുന്ന യേതി എയര്‍ലൈന്‍സിന്റെ വിമാനമാണ് പൊഖാറ വിമാനത്താവളത്തിനു സമീപം തർന്നുവീണത്. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരടക്കം 10 വിദേശികളും ഉണ്ടായിരുന്നതായാണ് വിവരം.
2000-ന് ശേഷം ഇതുവരേയായി നേപ്പാളിൽ പത്തിലേറെ വിമാനാപകടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 200-ലേറെ പേർ ഈ വിമാനാപകടങ്ങളില്‍ മരിച്ചതായാണ് വിവരം.
മുസ്താങ് ജില്ലയിലെ മലനിരകളിൽ തകർന്നുവീണ താരാ എയർലൈൻസ് വിമാനം
പൊഖാറയിൽനിന്ന് ജൊംസോമിലേക്ക് പറന്ന താരാ എയർലൈൻസിന്റെ ട്വിൻ ഓട്ടർ വിമാനം മുസ്താങ് ജില്ലയിലെ മലനിരകൾക്കിടയിൽ തകർന്നുവീണത് 2022 മേയിൽ ആയിരുന്നു. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മുഴുവൻ പേരും മരിച്ചിരുന്നു. പൊഖാറയിൽനിന്ന് ജൊംസോമിലേക്ക് പറന്ന താരാ എയറിന്റെ ട്വിൻ ഓട്ടർ വിമാനം മുസ്താങ് ജില്ലയിലെ മലനിരകൾക്കിടയിൽ തകർന്നുവീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് വിവരം.
മേയ് 29 ഞായറാഴ്ച രാവിലെ 9.55-ന് പൊഖാറയിൽനിന്ന് യാത്രതിരിച്ച വിമാനത്തിന് 15 മിനിറ്റിനുശേഷം വ്യോമഗതാഗത നിയന്ത്രണകേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 20 മണിക്കൂറിനുശേഷമാണ് വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്താനായത്. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്റർ മുകളിലായിരുന്നു ഇത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
ഹിമാലയത്തിൽ ട്രക്കിങ്ങിന് പേരുകേട്ട സ്ഥലമാണ് ജൊംസോം. പൊഖാറയിൽനിന്ന് 20 മിനിറ്റ് യാത്രചെയ്താൽ ജോസോമിലെത്താം. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. മുംബൈയിലെ താനെയിൽ നിന്നുള്ള അശോക് കുമാർ ത്രിപാഠി, വൈഭവി ഭണ്ഡേക്കർ, ഇവരുടെ മക്കളായ ധനുഷ്, റിതിക എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ടൂറിസം മന്ത്രിയടക്കം കൊല്ലപ്പെട്ട ഫെബ്രുവരിയിലെ ഹെലികോപ്റ്റർ അപകടം
2019 ഫെബ്രുവരിയിലായിരുന്നു മറ്റൊരു അപകടം. നേപ്പാള്‍ ടൂറിസം മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററായിരുന്നു അന്ന് തകര്‍ന്നത്. അപകടത്തിൽ മന്ത്രിയുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. നേപ്പാളിലെ തെഹ്റാതും ജില്ലയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റു ആറുപേരുമാണ് കൊല്ലപ്പെട്ടതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്ന് സ്ഥിരീകരിച്ചിരുന്നു.
51 പേർ കൊല്ലപ്പെട്ട 2018 മാർച്ചിൽ ഉണ്ടായ വിമാനപകടം
2018 മാർച്ചിലായിരുന്നു കാഠ്മണ്ഡുവിൽ 67 യാത്രക്കാരും നാല് ജീവനക്കാരുമായി വന്ന ബംഗ്ലാദേശിൽ നിന്നുള്ള Bombardier Q400 എന്ന വിമാനം റൺവേയിൽ തകർന്നു വീണത്. ഇതിൽ 51 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലായിരുന്നു അപകടം. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
2016-ലെ മറ്റൊരു വിമാനാപകടം
2016 ഫെബ്രുവരിയിൽ താരാ എയർലൈൻസ് വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. പൊഖ്റയിൽ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഈ വിമാനം ധാന ഗ്രാമത്തിൽ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 23 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ആരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ചലച്ചിത്ര താരം തരുണി സച്ച്ദേവിന്റെ മരണത്തിനിടയാക്കിയ 2012-ലെ വിമാനപകടം
വെള്ളിനക്ഷത്രം എന്ന വിനയന് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം. 2012 മെയ് 14ന് നേപ്പാളിലുണ്ടായ വിമാനപകടത്തിലായിരുന്നു തരുണിയുടെ ജീവൻ നഷ്ടമാകുന്നത്.
.jpg?$p=430c1f1&&q=0.8)
മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ലളിത്പുരിൽ തകർന്ന ബുദ്ധ എയർ ഫ്ലൈറ്റ് 103
2011 സെപ്റ്റംബർ 25-നായിരുന്നു നേപ്പാളിലെ ലളിത്പുരിൽ വെച്ച് 19 യാത്രക്കാരുമായി പോയ വിമാനം അപകടത്തിൽപെടുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് കാഠ്മണ്ഡുവിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ സഞ്ചാരികളായ 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
22 പേരുടെ മരണത്തിനിടയാക്കിയ 2011-ലെ വിമാനാപകടം
ഡിസംബർ 2011-ലായിരുന്നു മറ്റൊരു അപകടം. ലംബിദാൻദയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പറന്നുയർന്ന താരാ എയർക്രാഫ്റ്റുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഇത് തകർന്ന നിലയില്‍ കണ്ടെത്തി. അന്ന് യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്ന 22 പേരുംകൊല്ലപ്പെട്ടു.
മാവോയിസ്റ്റ് ആർമി ക്യാമ്പിൽ നിന്ന് തിരിച്ച യു.എൻ. ഹെലികോപ്റ്റർ അപകടം
മാർച്ച് 2008-ലായിരുന്നു നേപ്പാളിൽ യു.എൻ. ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത്. മാവോയിസ്റ്റ് സൈനിക ക്യാമ്പിൽ നിന്ന് തിരികെ പോയ യു.എൻ. ഹെലികോപ്റ്റർ കിഴക്കൻ നേപ്പാളിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
WWF പ്രതിനിധികളുടെ മരണത്തിനിടയാക്കിയ സെപ്തംബറിലെ ദുരന്തം
സെപ്തംബർ 2006ലായിരുന്നു WWF പ്രതിനിധികൾ സഞ്ചരിച്ച വിമാനം നേപ്പാളിൽ അപകടത്തിൽപെടുന്നത്. നേപ്പാളിൽ WWF പരിപാടിയുമായി ബന്ധപ്പെട്ട് എത്തി 24 പ്രതിനിധികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. നേപ്പാളിലെ തപ്ലെജുങ് പ്രദേശത്ത് വെച്ച് ഉച്ചയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്.
ഇതേവർഷം തന്നെ ഉണ്ടായ യേതി ട്വിൻ ഓട്ടർ വിമാനപകടത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്. ജുംല വിമാനത്താവളത്തിൽ വെച്ചായിരുന്നു അപകടമുണ്ടായത്.
2000ൽ 25 പേരുടെ മരണത്തിനിടയാക്കിയ റോയൽ നേപ്പാൾ വിമാനാപകടം
25 പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു വിമാനാപകടം 2000-ൽ നേപ്പാളിൽ ഉണ്ടായി. റോയൽ നേപ്പാൾ എയർലൈൻസിനെ വിമാനം ദാദെൽദുറയിൽ വെച്ചായിരുന്നു തകർന്നു വീണത്.
മോശം കാലാവസ്ഥയും കാലാവസ്ഥാ പ്രവചനങ്ങളും വില്ലനാകുമ്പോൾ
പ്രദേശത്തെ മോശം കാലാവസ്ഥയാണ് പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തതയും അപകടത്തിന്റെ ആഴം കൂട്ടുന്നതായും നിരീക്ഷിക്കപ്പെടുന്നുണ്ട്. മലനിരകളും താഴ്വാരകളിലും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിക്കാൻ വ്യാമപാതാ നിയന്ത്രിക്കുന്നവർക്ക് സാധിക്കാതെ വരുന്നതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Content Highlights: Nepal sees worst plane crash in 20 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..