മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അംബേദ്കറോടും സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നെഹ്‌റുവിന് ഒരു വിചിത്ര രോഗമുണ്ടായിരുന്നു. നേട്ടങ്ങള്‍ കൈവരിക്കുന്നവരോട് നെഹ്രുവിന് എന്നും അസൂയയായിരുന്നു. ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കറിനോടും വിനായക് ദാമോദര്‍ സവര്‍ക്കറിനോടും നെഹ്രുവിന് അസൂയായിരുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അംബേദ്കറിന് കൊളംബിയയില്‍ നിന്ന് പിഎച്ച്ഡി ലഭിച്ചപ്പോള്‍ നെഹ്രുവിന് അസൂയയായി. അതിനുശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ച അംബേദ്കര്‍ നിയമ ബിരുദവും സ്വന്തമാക്കി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ അംബേദ്കര്‍ ഭരണഘടന കമ്മിറ്റിയുടെ ചെയര്‍മാനായി ഭരണഘടന നിര്‍മാണത്തിന് നേതൃത്വം വഹിച്ചു. എന്നാല്‍ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയ നെഹ്‌റു പരീക്ഷയില്‍ പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

സവര്‍ക്കര്‍ ഒരു പണ്ഡിതനായിരുന്നു. എന്നാല്‍ നെഹ്‌റു പണ്ഡിതനായിരുന്നില്ല. സ്വയം ഒരു പണ്ഡിതനായി ചിത്രീകരിക്കാന്‍ നെഹ്‌റു തന്റെ പേരിന് മുന്നില്‍ പണ്ഡിറ്റ് എന്ന് എഴുതി ചേര്‍ത്തതാണെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.  

content highlights; Nehru was envious of Ambedkar, Savarkar, says Subramanian Swamy