ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ NEET, JEE പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയില്‍ ആണ് സമിതി രൂപീകരിച്ചത്. സമിതി നാളെ തന്നെ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു.
ജൂലൈ 18 മുതല്‍ 23 വരെ ആണ് JEE മെയിന്‍ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26-നാണ് NEET പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും JEE, NEET പരീക്ഷകള്‍ എഴുതാന്‍ വരേണ്ട പല വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ടിക്കറ്റ് ലഭിച്ച് ഇന്ത്യയില്‍ എത്തിയാല്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ 21 ദിവസം വരെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാവുമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന പരാതി.
Content Highlights: NEET, JEE Exams 2020: HRD Ministry forms panel to review situation and advise on conduct of exams
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..