ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും. ജെ.ഇ.ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ ജൂലായ് അവസാനമോ ഓഗസ്റ്റ് മാസമോ നടത്തിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്തിയേക്കില്ല. രാജ്യവ്യാപകമായി ഒറ്റ ദിവസം എഴുത്തുപരീക്ഷ ആയി നീറ്റ് നടത്തുന്നതിനാല്‍ പ്രാദേശികമായ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് സാധ്യത.

ജെ.ഇ.ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള രണ്ട് പരീക്ഷകളില്‍ ഒന്ന് ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവരമോ നടത്തിയേക്കും. തുടര്‍ന്ന് ഏഴ് മുതല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. പുതിയ പരീക്ഷാതീയതികള്‍ ദേശിയ ടെസ്റ്റിങ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും.

എല്ലാ ബോര്‍ഡുകളിലെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നതിന് ശേഷമേ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

content highlights: neet exam likely to postpone to september