ന്യൂഡല്‍ഹി: നീറ്റ് അടക്കമുള്ള അഖിലേന്ത്യാ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് സിബിഎസ്ഇയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യം വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നിര്‍ദ്ദേശിച്ചു. ആധാറിന്റെ നിയമ സാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വിധി വരുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നകാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ ഏക തിരിച്ചറിയല്‍ രേഖയാക്കിയ സിബിഎസ്ഇ സര്‍ക്കുലര്‍ ചോദ്യംചെയ്ത് ഗുജറാത്ത് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സുപ്രീംകോടതിയെ അറിയിച്ചിരുന്നു.