സോണിയാ ഗാന്ധി |ഫോട്ടോ:പി.ടി.ഐ
ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. 'നമുക്കുണ്ടായ തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട്' സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷക്കുന്നത്. ഗുരുതരമായ തിരിച്ചടികള്‍ നാം ശ്രദ്ധിക്കണം. തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും നോക്കാനും വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് നല്കുന്നതിനുമായി ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്കും കോണ്‍ഗ്രസ് കടക്കാന്‍ തീരുമാനിച്ചതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവര്‍ത്തകസമിതികളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.
ജൂണ്‍ 23-ന് പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദേശം നല്‍കാം. അതേ സമയം ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് തിയതി അന്തിമമാക്കിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..