ന്യൂഡല്‍ഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി കര്‍ഷകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ കാർഷിക മേഖലയുടെ വിഹിതത്തെ സംബന്ധിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കാര്‍ഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങളിലടക്കം സ്വകാര്യ മേഖലയ്ക്ക് പങ്കുണ്ട്. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

രാജ്യത്തിന്റെ കാര്‍ഷികോത്പന്നങ്ങളെ ആഗോളവിപണിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏകോപിച്ചുവരികയാണ്. കന്നുകാലി വളര്‍ത്തല്‍, ക്ഷീരോത്പാദനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കി. കര്‍ഷകര്‍ക്കുള്ള വായ്പ ഉയര്‍ത്തി. ഗ്രാമവികസനത്തിനുള്ള ഫണ്ട് 40,000 കോടിയായി ഉയര്‍ത്തി. ചെറുകിട ജലസേനചനപദ്ധതികള്‍ക്കുള്ള ഫണ്ട് ഇരട്ടിയാക്കി. കാര്‍ഷിക അനുബന്ധ വ്യവസായത്തെ സഹായിക്കാന്‍ 11000 കോടി രൂപയുടെ പദ്ധതി ആരംഭിച്ചു. റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവയുടെ വ്യവസായത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. കര്‍ഷകരുടെ നന്മ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭക്ഷ്യസംസ്‌കരണത്തില്‍ ചെറുകിട കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കും.21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഭക്ഷ്യസംസ്‌കരണ വിപ്ലവം തന്നെയാണ് ആവശ്യം. അത് രാജ്യത്തിനും നല്ലതാണ്. ദശാബ്ദങ്ങൾക്ക് മുന്‍പേ ഇത്തരം പദ്ധതികള്‍ നടക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Need to integrate India's agri produce into global processed foods market: PM Modi