ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരേയും മൗലികവാദത്തിനെതിരേയും ലോകരാജ്യങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങള്‍ ഭീകരവാദം, മൗലികവാദം തുടങ്ങി ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഈ വെല്ലുവിളികളെ നേരിടാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ സംയുക്തശ്രമം നടത്തണം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

പുരോഗമന സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയാണ് മധ്യേഷ്യ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പ്രചോദനം നല്‍കുന്നതില്‍ ഈ മേഖലയ്ക്ക് ചരിത്രപരമായ പങ്കുണ്ട്. എന്നാല്‍ മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു. മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം. യുവാക്കളെ മൗലികവാദത്തിലേക്ക് വഴിതിരിച്ചുവിടാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണം. ശാസ്ത്രവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കണം. ഭീകരവാദത്തിനും മൗലീകവാദത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന പദ്ധതികള്‍ അഖണ്ഡതയെ ബാധിക്കരുതെന്ന് ഉച്ചകോടിയില്‍ പരാമര്‍ശിച്ചതിലൂടെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരേയും മോദി പരോക്ഷ വിമര്‍ശനം ഉയര്‍ത്തി.

കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബെലാറസ്, മംഗോളിയ എന്നിവയാണ് ഉച്ചകോടിയിലെ നിരീക്ഷണ പദവിയുള്ള രാജ്യങ്ങള്‍. ഇരുപതാം സഹകരണ ഉച്ചകോടിയില്‍ ഇറാനും പുതിയ അംഗമായി ചേര്‍ന്നിട്ടുണ്ട്. 

Content Highlights: Need joint approach to fight radicalisation, extremism: PM Modi at SCO Summit