ചണ്ഡീഗഡ്: പി.സി.സി അധ്യക്ഷനായി ചുമതലയേറ്റത് മുതല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ നിലപാട് കടുപ്പിച്ച് നവ്‌ജോത് സിങ് സിദ്ധു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും സ്വാതന്ത്ര്യമില്ലെങ്കില്‍  ആരേയും വെറുതേ വിടില്ലെന്നാണ് സിദ്ധുവിന്റെ മുന്നറിയിപ്പ്. 

തന്റേതായ രീതിയില്‍ തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കിയാല്‍ അടുത്ത 20 വര്‍ഷം കൊണ്ട് പഞ്ചാബില്‍ കോണ്‍ഗ്രസ് വലിയ ശക്തിയായി മാറുമെന്നും സിദ്ധു പറഞ്ഞു. അതേസമയം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ നാല് ഉപദേശകരില്‍ രണ്ട് പേരെ സിദ്ധുവിന് സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവന്നു.

എന്നാൽ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സിദ്ധുവിനോട് ഇതേക്കുറിച്ച് ചോദിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയില്‍ സിദ്ധു തന്നെയാണ് പഞ്ചാബില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നുമായിരുന്നു സിദ്ധുവിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് പ്രതികരിച്ചത് .

സിദ്ധുവിന്റെ ഉപദേഷ്ടാക്കളിലൊരാളായ മല്‍വീന്ദര്‍ സിങ് മാലി നടത്തിയ കശ്മീര്‍ സംബന്ധിച്ച പ്രസ്താവനകള്‍ അമരീന്ദറിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും കശ്മീരില്‍ അനധികൃതമായി അവകാശം സ്ഥാപിച്ചുവെന്നായിരുന്നു മാലിയുടെ പ്രസ്താവന. ഇവരെ ഉടനടി പുറത്താക്കണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിയല്ല ഇവരെ നിയമിച്ചതെന്നും സിദ്ധുവാണെന്നും റാവത്ത് പറഞ്ഞിരുന്നു. പാര്‍ട്ടിയായിരുന്നു ഇത്തരമൊരു നിയമനം നടത്തിയതെങ്കില്‍ ഇതിനോടകം മാലിയെ പുറത്താക്കുമായിരുന്നു എന്ന റാവത്തിന്റെ പ്രതികരണത്തിന് പിന്നാലെ മാലി സിദ്ധുവിന്റെ ഉപദേശക സ്ഥാനം ഒഴിയുകയും ചെയ്തു. മാലിക്ക് പുറമേ പ്യാരേ ലാല്‍ ഗാര്‍ഗിനേയും പുറത്താക്കാന്‍ സിദ്ധുവിനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: need freedom to take decisions  says punjab congress chief Sidhu